നല്ല ഭക്ഷണ സാധനങ്ങൾ തിരഞ്ഞെടുക്കുന്നതു പോലെ തന്നെ പ്രധാനമാണ് അവ ആരോഗ്യകരമായി പാചകം ചെയ്യുക എന്നത്.ചില ആരോഗ്യകരമായ പാചക രീതികൾ വേഗത്തിൽ പരിചയപ്പെടാം.
ആവിയിൽ വേവിക്കൽ :പോഷകങ്ങൾ നിലനിർത്താൻ ഏറ്റവും നല്ല രീതിയാണിത്.ഭക്ഷണത്തിന്റെ തനതായ രുചിയും ഗുണവും നിലനിർത്തുന്നു.എണ്ണ ഒട്ടും ഉപയോഗിക്കേണ്ടതില്ല.ധാന്യവിഭവങ്ങളും പച്ചക്കറികളും മാംസാഹാരങ്ങളും ഈ രീതിയിൽ പാചകം ചെയ്യാം.
പ്രഷർ കുക്കിങ്:ആവിയിൽ പാകം ചെയ്യുന്നതിന്റെ മറ്റൊരു രീതിയാണിത്.കുറച്ചു കൂടി വേഗത്തിൽ പാചകം ചെയ്യാം.ഭക്ഷ്യ വസ്തുക്കളിലെ നീര് അവയിൽ തന്നെ പിടിച്ചുവെക്കുന്നത് കൊണ്ട് കൂടുതൽ മൃദുവായിരിക്കും.വെള്ളത്തിൽ അലിയുന്ന പോഷകങ്ങൾ നക്ഷ്ടപെടാതിരിക്കാൻ വേവിച്ച വെള്ളം ഉപയോഗിക്കണം.
മിതമായ ചൂടിൽ :മിതമായ ചൂടിൽ ഭക്ഷണം പാചകം ചെയ്‌തെടുക്കുന്ന പോചിംഗ് രീതിയിലും എണ്ണ ഒട്ടും ചേരുന്നില്ല.പോഷകനഷ്ടം വളരെ കുറവാണ് .വെള്ളം ,പാൽ,സ്‌റ്റോക്ക് എന്നിങ്ങനെ ഏതും ഉപയോഗിച്ച് പോചിംഗ് ചെയ്യാം .ചെറുചൂടിൽ തിളച്ചു കൊണ്ടിരിക്കുന്ന ദ്രാവകത്തിലേക്കു ആഹാരം ചേർത്ത് വേവിക്കുന്ന ദ്രാവകം ഗ്രേവിക്കായി ഉപയോഗിക്കാം .
ഗ്രില്ലിങ്:ഈ രീതിയിലും എണ്ണ ഉപയോഗം കുറവാണ്.കുറഞ്ഞ സമയത്തിൽ പാചകം ചെയ്യാം.അമിത ചൂട് നൽകുന്ന അടുപ്പുകൾ ഒഴിവാക്കുന്നത് നന്നായിരിക്കും.മത്സ്യ മാംസാദികൾക്ക് അനുയോജ്യം .
ബേക്കിങ്:ഈ രീതിയിലും എണ്ണ കുറച്ചു പാകം ചെയ്യാം. പച്ചക്കറികളോ,മാംസാഹാരങ്ങളോ,ധാന്യപ്പൊടികളോ ഈ രീതിയിൽ ചെയ്‌തെടുക്കാം.കൃത്യമായി ഊഷ്മാവും സമയവും സെറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്.
സ്റ്റിർ ഫ്രൈ:പാനിൽ കുറച്ചു മാത്രം എണ്ണ ഉപയോഗിച്ച് നന്നായി ചൂടാക്കി ഭക്ഷണ സാധനങ്ങൾ പെട്ടെന്നു ഇളക്കി എടുക്കുന്ന രീതിയാണിത്.പച്ചക്കറികളുടെ ദൃഢത നഷ്ടമാവാതെ രുചിയും ഗുണവും നിലനിർത്തി പാകം ചെയ്യാം.വേവ് കുറഞ്ഞ കടൽ വിഭവങ്ങൾ മുട്ട ,മീൻ എന്നിവയ്ക്കും അനുയോജ്യമാണ്.
വഴറ്റൾ :ഇന്ത്യൻ പാചക രീതിയിൽ ഏതെങ്കിലും വിഭവത്തിനു മുന്നോടിയായി മസാലകളും മറ്റും കുറച്ചു എണ്ണയിൽ വഴറ്റി എടുക്കാറുണ്ട്.പച്ചക്കറികളും മീനും മുട്ടയും കടൽ വിഭവങ്ങളും മസാലകൾ ചേർത്ത് വഴറ്റി പാകം ചെയ്യുന്നത് ആരോഗ്യപരമായ പാചക രീതിയാണ് .