കേരളത്തില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു; പരിശോധന കര്‍ശനമാക്കും

August 30, 2021
227
Views

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ. രാത്രി 10 മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ് രാത്രി യാത്രക്ക് അനുമതിയുണ്ടാവുക. കര്‍ശന പരിശോധന നടക്കും.

ചരക്ക് നീക്കം, ആശുപത്രി യാത്ര, അത്യാവശ്യ സേവനങ്ങള്‍, ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവര്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കും. ട്രെയിന്‍, വിമാനം, കപ്പല്‍ തുടങ്ങിയവയില്‍ യാത്ര ചെയ്യാനുള്ളവര്‍ ടിക്കറ്റ് കൈയില്‍ കരുതണമെന്ന് നിര്‍ദേശമുണ്ട്. മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടവര്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.

സംസ്ഥാനത്ത് പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ( ഡബ്യുഐപിആര്‍) ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രകാരമുള്ള പട്ടിക ഇന്ന് പുറത്തിറക്കും. നേരത്തെ ഡബ്യുഐപിആര്‍ എട്ടിന് മുകളിലുള്ള മേഖലകളിലായിരുന്നു കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ ബാധകമാകുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം കൂടിയേക്കും.

അതേസമയം, കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തുതലത്തില്‍ വിളിച്ചുകൂട്ടാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *