മനാമ: പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കാൻ ആരോഗ്യ പരിപാലന വിദഗ്ധര്‍ക്കായി ഓണ്‍ലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു.
രാജ്യത്ത് പകര്‍ച്ചവ്യാധികളുടെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനും വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് സഹായകരമായാണ് പുതിയ സംവിധാനം.
പകര്‍ച്ചവ്യാധികള്‍ കണ്ടെത്തിയാല്‍ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ അവ പ്ലാറ്റ്ഫോമില്‍ രേഖപ്പെടുത്തണം. ആരോഗ്യ സ്ഥാപനങ്ങളെ പബ്ലിക്ക് ഹെല്‍ത്ത് ഡയറക്ടറേറ്റുമായി (പി.എച്ച്.ഡി) ബന്ധിപ്പിക്കാനും പുതിയ സംവിധാനം സഹായകരമാണെന്ന് പി.എച്ച്.ഡി ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ അവാദി പറഞ്ഞു. ക്ലിനിക്കുകളും ആശുപത്രികളും ഉള്‍പ്പെടെ 80ഓളം ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പരിശീലനം നല്‍കുകയും പ്രത്യേക ഇലക്‌ട്രോണിക് ലോഗിൻ കീ നല്‍കുകയും ചെയ്‌തിട്ടുണ്ട്. അഞ്ചാംപനി, ടെറ്റനസ്, എച്ച്.ഐ.വി, കോളറ, ടൈഫോയ്ഡ് പനി, എലിപ്പനി തുടങ്ങിയ ഗ്രൂപ് എ രോഗങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ആരോഗ്യ വിദഗ്ധര്‍ പ്ലാറ്റ്ഫോമില്‍ റിപ്പോര്‍ട്ട് ചെയ്യണം.
സ്കാബിസ്, ചിക്കൻപോക്സ്, മലേറിയ, സിഫിലിസ്, ഇൻഫ്ലുവൻസ എന്നിവ ഉള്‍പ്പെടുന്ന ഗ്രൂപ് ബി, ഗ്രൂപ് സി എന്നിവക്കുകീഴില്‍ ലിസ്റ്റുചെയ്തിരിക്കുന്ന രോഗങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം. രോഗബാധിതരായ മൃഗങ്ങളില്‍നിന്ന് ആളുകളിലേക്ക് പകരുന്ന രോഗങ്ങളാണ് ഗ്രൂപ് ഡിയില്‍ വരുന്നത്. ഈ അസുഖങ്ങള്‍ പലപ്പോഴും ബാക്ടീരിയ, വൈറസുകള്‍, ഫംഗസുകള്‍ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ഇവ വരാതിരിക്കാൻ ശുചിത്വം പാലിക്കുക, വന്യജീവികളുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കുക തുടങ്ങിയവ ചെയ്യണം.
ഏറ്റവും പുതിയ ആരോഗ്യ സംബന്ധിയായ അറിയിപ്പുകളും മറ്റും ഔദ്യോഗിക പ്ലാറ്റ്‌ഫോമായ healthalert.gov.bhല്‍ ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.ആരോഗ്യ അവബോധം വളര്‍ത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.