കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ 28 കോടി രൂപ വില വരുന്ന 4.640 കിലോഗ്രാം ഹെറോയിനുമായി ആഫ്രിക്കൻ രാജ്യമായ ടാൻസാനിയൻ സ്വദേശി അഷറഫ് ടോറോ സാഫി (32) ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (ഡിആർഐ) പിടിയിലായി. ട്രോളി ബാഗിനടിയിൽ പ്രത്യേക അറയുണ്ടാക്കി ഹെറോയിൻ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ രണ്ടരയോടെ കൊച്ചിയിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാൾ എത്തിയത്.
ടാൻസാനിയയിലെ സാൻസിബാർ വിമാനത്താവളത്തിൽ നിന്നു ദുബായ് വഴിയാണ് ഇയാൾ കൊച്ചിയിലേക്ക് വന്നത്. ദൽഹിയിലേക്ക് കൊണ്ടുപോകുന്നതിനാണ് ഹെറോയിൻ കൊച്ചിയിലെത്തിച്ചതെന്ന് ഇയാൾ വ്യക്തമാക്കി. ദൽഹിയിൽ പരിശോധന കർശനമായതിനാലാണ് മയക്കുമരുന്ന് ലോബി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നതെന്നും പറയുന്നു. എമിഗ്രേഷൻ പരിശോധനയ്ക്ക് ശേഷമാണ് ഡിആർഐ ഇയാളിൽ നിന്നു മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ ഹെറോയിൻ പരിശോധിക്കുന്നതിന് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
കഴിഞ്ഞ 22ന് കൊച്ചി വിമാനത്താവളത്തിൽ സിംബാബ്‌വെ സ്വദേശിനി ഷാരോൺ ചിഗ്വാസയും കോടികൾ വില വരുന്ന ഹെറോയിനുമായി പിടിയിലായിരുന്നു. ദോഹ വഴിയെത്തിയ ഷാരോൺ ഇവിടെ നിന്ന് ബെംഗളൂരു വഴി ദൽഹിക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ബാഗേജ് പരിശോധനയ്ക്കിടെ സിയാൽ സുരക്ഷാ വിഭാഗം പിടികൂടിയത്.