കുട്ടിയെ രക്ഷിക്കുന്നതിനിടെ 30 പേർ കിണറ്റിൽ വീണു; രക്ഷാപ്രവർത്തനത്തിന് എത്തിയ ട്രാക്ടറും മണ്ണിടിഞ്ഞ് കിണറ്റിൽ: മൂന്ന് മരണം

July 16, 2021
192
Views

വിദിഷ: കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മുപ്പതോളം പേർ കിണറിന്റെ ചുറ്റുമുള്ള മണ്ണിടിഞ്ഞ് കിണറ്റിൽ വീണു, മൂന്നുപേർ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താൻ ആളുകൾ കൂട്ടത്തോടെ എത്തിയപ്പോൾ കിണറിന്റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഗഞ്ച്ബസോദയിലാണ് സംഭവം.

‘കിണറ്റിൽ വീണ 19 പേരെ രക്ഷപ്പെടുത്തി. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സംഭവസ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.’ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേർ ഇപ്പോഴും കിണറ്റിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആദരാഞ്ജലി അർപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി അപകടത്തിൽ പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *