35000 പേർക്ക് തൊഴിൽ സാധ്യത; കേരളത്തിൽനിന്നും പിന്മാറിയതിനു പിന്നാലെ കിറ്റക്‌സ് ഗ്രൂപ്പിന് തമിഴ്‌നാട് സർക്കാരിന്റെ ക്ഷണം

July 2, 2021
187
Views

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ നിക്ഷേപത്തിൽ നിന്നു പിൻവാങ്ങുകയാണെന്നു പ്രഖ്യാപിച്ച കിറ്റക്‌സ് ഗ്രൂപ്പിന് തമിഴ്‌നാട് സർക്കാരിന്റെ ക്ഷണം. 35000 പേർക്ക് തൊഴിൽ സാധ്യതയുള്ള 3500 കോടിയുടെ നിക്ഷേപം തമിഴ്‌നാട്ടിൽ നടത്താനാണ് സർക്കാർ കിറ്റെക്‌സ് മാനേജ്‌മെന്റിന് ഔദ്യോഗികമായി ക്ഷണക്കത്ത് നൽകിയത്. തമിഴ്‌നാട്ടിൽ വ്യവസായം തുടങ്ങാൻ ഒട്ടനവധി ആനുകൂല്യങ്ങളും തമിഴ്‌നാട് സർക്കാർ ക്ഷണക്കത്തിനൊപ്പം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കിറ്റെക്‌സ് ചെയർമാൻ സാബു എം ജേക്കബ് അറിയിച്ചു.

മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്‌സിഡി, പകുതി വിലയ്ക്ക് സ്ഥലം, സ്റ്റാബ് ഡ്യൂട്ടിയിൽ 100 ശതമാനം ഇളവ്, ആറ് വർഷത്തേക്ക് 5 ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങൾക്ക് 25 ശതമാനം സബ്‌സിഡി, ബൗദ്ധിക സ്വത്തവകാശ ചിലവുകൾക്ക് 50 ശതമാനം സബ്‌സിഡി.

തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്,ടി വിഭാഗങ്ങൾക്ക് 6000 രൂപയും സാമ്പത്തിക സഹായം, ഗുണ നിലവാര സർട്ടിഫിക്കേഷനുകൾക്ക് 50 ശതമാനം സബ്‌സിഡി, അഞ്ച് വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി, മൂലധന ആസ്തികൾക്ക് 100 ശതമാനം സംസ്ഥാന ജിഎസ്ടി ഇളവ്, പത്ത് വർഷം വരെ തൊഴിലാളി ശമ്പളത്തിന്റെ 20 ശതമാനം സർക്കാർ നൽകും.

ഈ വാഗ്ദാനങ്ങൾക്ക് പുറമേ കൂടുതലായുള്ള ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതും പരിഗണിക്കാമെന്നും തമിഴ്‌നാട് വ്യവസായ മന്ത്രിക്ക് വേണ്ടി അസോസിയേറ്റ് വൈസ് പ്രസിഡന്റ് (ഗൈഡൻസ് തമിഴ്‌നാട്) ഗൗരവ് ദാഗ അയച്ച ക്ഷണക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് സാബു എം ജേക്കബ് അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *