കൊല്ലം: ലോക്ക് ഡൌൺ കാലത്ത് തൊഴിൽ നഷ്ട്ടമായവരെ ലക്ഷ്യം വെച്ച് നിരവധി വ്യാജ സന്ദേശങ്ങളാണ് നമ്മുടെ ഫോണുകളെയ്ക്ക് എത്തുന്നത്. അഞ്ചുമിനിട്ടിൽ 50,000 രൂപ നിങ്ങളുടെ അക്കൗണ്ടിൽ ലഭിക്കും. ഇത്തരം എസ്.എം.എസ് മിക്കവരുടെയും മൊബൈൽ ഫോണിലേയ്ക്ക് ദിവസവും ലഭിക്കുന്നുണ്ട്. ഇതിനൊപ്പം ഒരു വെബ്സൈറ്റ് ലിങ്കും ഉണ്ടാകും. വ്യാജസന്ദേശം അയച്ച് കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിന്റെ പുതിയ രീതിയാണിത്. ലിങ്ക് വഴി പ്രവേശിച്ചാൽ പിന്നീട് ഫോൺകാൾ വരികയും പണം തട്ടുകയുമാണ് തന്ത്രം.
പണം അക്കൗണ്ടിൽ എത്തുന്നതിന് കെ.വൈ.സി (കസ്റ്റമറെ തിരിച്ചറിയൽ) ആപ്ലിക്കേഷൻ പൂരിപ്പിച്ചുനൽകാൻ ആവശ്യപ്പെടുന്നതാണ് ആദ്യപടി. കെ.വൈ.സി വെരിഫിക്കേഷൻ ആപ്ലിക്കേഷൻ എന്ന പേരിൽ തട്ടിപ്പുകാരൻ അയച്ചുതരുന്നത് സ്ക്രീൻ ഷെയർ ആപ്പായിരിക്കും. ഇതിലൂടെ ഫോണിന്റെ അക്സസ്സ് അവർക്ക് ലഭിക്കുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യും.
കസ്റ്റമേഴ്‌സിന്റെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിന് ബാങ്കിംഗ്, ഇൻഷ്വറൻസ് കമ്പനികളും മൊബൈൽ സേവന ദാതാക്കളും കെ.വൈ.സി ശേഖരിക്കാറുണ്ട്. കെ.വൈ.സി വിവരങ്ങൾ സ്ഥാപനങ്ങൾക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനങ്ങൾ വഴിയോ മാത്രം നൽകുന്നതാണ് ഉചിതം.
മുൻകരുതലുകൾ
- സ്പാം കോൾ, ഇ – മെയിൽ, എസ്.എം.എസ് എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക
- ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ഒ.ടി.പി, പിൻ നമ്പർ എന്നിവ ഷെയർ ചെയ്യരുത്
- ഓൺലൈൻ അപേക്ഷകളിൽ ബാങ്കിംഗ് /കാർഡ് വിശദാംശങ്ങൾ നൽകരുത്
- മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ ആധികാരികത ഉറപ്പാക്കുക
- വ്യാജ ഓൺലൈൻ ഡിജിറ്റൽ വാലറ്റ് / അക്കൗണ്ടുകളിലേക്ക് പണം മാറ്റാതിരിക്കുക
- വേരിഫിക്കേഷൻ ക്യു ആർ കോഡ് സ്‌കാൻ ചെയ്യരുത്