ഒരു തിങ്കളാഴ്ചകൊണ്ട് ഇലോൺ മസ്ക് വീണ്ടും ചരിത്രത്തിൽ ഇടംനേടി. മസ്കിന്റെ സ്വകാര്യ ആസ്തിയിൽ ഒരുദിവസംകൊണ്ടുണ്ടായ വർധന 2.71 ലക്ഷം കോടി രൂപ. ഹെട്സ് ഗ്ലോബൽ ഹോൾഡിങ്സ് ഒരു ലക്ഷം ടെസ് ല കാറുകൾക്ക് ഓർഡർ നൽകിയതാണ് സമ്പത്ത് കുതിച്ചുയരാനിടയാക്കിയത്.
ഓർഡർ ലഭിച്ചതോടെ ടെസ് ലയുടെ ഓഹരി വില 14.9ശതമാനം കുതിച്ച് 1,045.02 ഡോളർ നിലവാരത്തിലെത്തി. റോയിട്ടേഴ്സിന്റെ വിലയിരുത്തൽ പ്രകാരം ലോകത്തിലെ ഏറ്റവും മൂല്യമേറിയ വാഹന നിർമാതാക്കളായി ഇതോടെ ടെസ് ല മാറി.
ടെസ് ലയിൽ മസ്കിനുള്ള ഓഹരി വിഹിതം 23ശതമാനമാണ്. റിഫിനിറ്റീവിന്റെ കണക്കുപ്രകാരം ഇത്രയും ഓഹരിയുടെ മൂല്യം 289 ബില്യൺ ഡോളറാണ്. ബ്ലൂംബർഗിന്റെ തത്സമയ ശതകോടീശ്വരപട്ടികയുടെ ചരിത്രത്തിൽ ഒരൊറ്റദിവസം ഒരാൾ നേടുന്ന ഉയർന്ന ആസ്തിയാണിത്.
ചൈനീസ് വ്യവസായി സോങ് ഷാൻഷന്റെ കുപ്പിവെള്ള കമ്പനി വിപണിയിൽ ലിസ്റ്റ്ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ആസ്തിയിൽ ഒരൊറ്റദിവസം 32 ബില്യൺ വർധനവുണ്ടായിരുന്നു. ഈ ചരിത്രമാണ് മസ്ക് തിരുത്തിയത്.
ആപ്പിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, ആൽഫബറ്റ് എന്നിവ ഉൾപ്പെടുന്ന ട്രില്യൺ ഡോളർ കമ്പനികളുടെ എലൈറ്റ് ക്ലബിൽ അംഗമാകുന്ന ആദ്യത്തെ കാർ നിർമാതാവാണ് ടെസ്ല.