നിൽപ്പ് സമരം പിൻവലിച്ച് കെജിഎംഒഎ: പരിഹാരമുണ്ടാകുമെന്ന് വീണാ ജോർജ്ജ്

November 1, 2021
114
Views

തിരുവനന്തപുരം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ കേരളപ്പിറവി ദിനത്തിൽ കെജിഎംഒഎ പ്രഖ്യാപിച്ച നിൽപ്പ് സമരം പിൻവലിച്ചു. സർക്കാരിനെതിരെ പ്രത്യക്ഷ സമരം തൽക്കാലം നിർത്തിവയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ്ജുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലെ നിൽപ്പ് സമരവും പതിനാറാം തീയതിയിലെ കൂട്ട അവധിയും മാറ്റിവച്ചു.

ഒരു മാസത്തേക്കാണ് ഡോക്ടർമാർ പ്രത്യക്ഷ സമര പരിപാടികൾ നിർത്തിവച്ചത്. അതിനുള്ളിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്നും പരാതികൾ പരിഹരിക്കാമെന്നുമുള്ള മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരത്തിൽ നിന്നുള്ള പിൻവാങ്ങൽ. എന്നാൽ ട്രെയിനിങ്ങുകൾ, മീറ്റിംഗുകൾ, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളിൽ നിന്നും വിട്ടു നിന്നുകൊണ്ടുള്ള നിസഹകരണ സമരം തുടരും.

ദിവസേന പതിനായിരത്തിനടുത്ത് പുതിയ കൊറോണ രോഗികൾ ഇന്നും ഉള്ള സംസ്ഥാനത്ത് കൊറോണ ബ്രിഗേഡിൻ്റെ സേവനം പൂർണ്ണമായും നിർത്തലാക്കി പിരിച്ചുവിട്ടതിൽ ഡോക്ടർമാർക്ക് കടുത്ത വിയോജിപ്പാണ് ഉള്ളത്. അമിത ജോലിഭാരം പേറുന്ന ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകിയില്ലെന്നും പരാതിയുണ്ട്.

ശമ്പള പരിഷ്കരണം വന്നപ്പോൾ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചത്. ഇത് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെജിഎംഒ ആരോപിക്കുന്നു. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്സണൽ പേ നിർത്തലാക്കിയതും, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതിനുമെല്ലാം എതിരെയാണ് ഡോക്ടർമാരുടെ പ്രതിഷേധം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *