കൊച്ചി: നോ ഹലാൽ ഹോട്ടൽ നടത്തിപ്പിലൂടെ ശ്രദ്ധേയായ കൊച്ചിയിലെ തുഷാര കല്ലയിലിനേയും ഭർത്താവ് അജിത്തിനേയും ഇവരുടെ കൂട്ടാളിയായ അപ്പുവിനേയും വധശ്രമക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കാക്കനാട്ടെ ഡെയിന്‍ റെസ്റ്റൊ കഫേ ഉടമകളായ ബിനോജ്, നകുല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഈ സംഭവം മറച്ചു വച്ച് കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ച് വർഗീയ പ്രചാരണം നടത്തിയതിന് മറ്റൊരു കേസും പൊലീസ് ഇവർക്കെതിരെ എടുത്തിട്ടുണ്ട്.
നോൺ ഹലാൽ ബോർഡ് വച്ചതിനും തങ്ങളുടെ ഹോട്ടലിൽ പന്നിയിറച്ചി വിളമ്പിയതിലും പ്രകോപിതരായ ഒരു വിഭാഗമാളുകൾ തങ്ങളെ ആക്രമിച്ചെന്നും ഇപ്പോൾ പരിക്കേറ്റ് ആശുപത്രിയിലാണെന്നും പറഞ്ഞ് തുഷാര അജിത്ത് ഫേസ്ബുക്ക് ലൈവ് വീഡിയോ ഇട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ വൻതോതിലുള്ള വർഗീയപ്പോരിന് ഈ സംഭവം വഴി തുറന്നിരുന്നു. സംഭവത്തിൽ സംഘപരിവാർ – വിഎച്ച്പി നേതാക്കൾ ഇവർക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
കൊച്ചി കാക്കനാട്ടെ ഡെയിൻ റെസ്റ്റോ കഫേ എന്ന കെട്ടിട്ടം സ്വന്തമാക്കാൻ തുഷാരയും സംഘവും നടത്തിയ നീക്കങ്ങളാണ് അക്രമങ്ങളിലേക്ക് വഴി തെളിയിച്ചതെന്നാണ് കേസ് അന്വേഷിക്കുന്ന ഇൻഫോ പാർക്ക് പൊലീസ് പറയുന്നത്. കെട്ടിട്ടത്തിൽ പ്രവർത്തിക്കുന്ന കഫേ പൂട്ടിക്കാനായി തുഷാരയുടെ ഭർത്താവും സംഘവും ഇവിടെയെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ക്യാഷ് കൗണ്ടർ തല്ലിതകർക്കുകയും പല വസ്തുക്കളും കടത്തി കൊണ്ടു പോകുകയും ചെയ്തു. ഇതു തടയാൻ ശ്രമിച്ച കഫേ ഉടമകളായ ബിനോജ്, നകുല്‍ എന്നിവരെ അജിത്തിൻ്റെ കൂട്ടാളി അപ്പു വെട്ടിപരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചെറുപ്പക്കാർ ഇപ്പോൾ ആശുപത്രിയിലാണ്. ഇതിലൊരാളെ ശസ്ത്രക്രിയക്കും വിധേയനാക്കി.
ഇതിനു ശേഷമാണ് പന്നിയിറച്ചി വിളമ്പിയെന്ന പേരിൽ തുഷാര ഫേസ്ബുക്ക് ലൈവിൽ വന്നതും വിഷയത്തിന് വർഗീയനിറം പകരാൻ ശ്രമിച്ചതും. എന്നാൽ സംഭവത്തിൽ കേസെടുത്ത ഇൻഫോ പാർക്ക് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ തന്നെ സത്യം ബോധ്യപ്പെടുകയും പരിക്കേറ്റ യുവാക്കളുടെ പരാതിയിൽ തുഷാരയ്ക്കും സംഘത്തിനുമെതിരെ കേസെടുക്കുകയുമായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ തുഷാരയേയും അജിത്തിനേയും അപ്പുവിനേയും കോട്ടയത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ രണ്ട് കേസുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു. വധശ്രമത്തിനും ഫേസ്ബുക്കിലൂടെ മതസ്പർധ പടർത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. അക്രമത്തിൽ ഇവരുടെ കൂട്ടാളികളായ അബിൻ ആൻ്റണി, വിഷ്ണു ശിവദാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.