കൊച്ചി: കോവളത്ത് അമേരിക്കന്‍ പൗരനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഹോട്ടല്‍ നടത്തിപ്പുകാരി. അമേരിക്കന്‍ പൗരനായ ഇര്വിന് ഫോക്സിനെ കോവിഡ് കാലത്ത് അമൃതാനന്ദമയി മഠത്തില്‍ നിന്ന് ഇറക്കിവിട്ടതാണ്. തിരികെ പോകണമെന്ന് ഇര്വിന് ഫോക്സ് ആഗ്രഹം പ്രകടിപ്പിച്ചു.
എന്നാല്‍ അമൃതാനന്ദമയി മഠത്തില്‍ വിളിച്ചപ്പോള്‍ തുറന്നിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. ഇര്വിന് ഫോക്സിനെ പുഴുവിരിച്ചിട്ടില്ലെന്നും ഹോട്ടല്‍ ഉടമ പറഞ്ഞതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘എട്ട് മാസമായിട്ടാണ് ഇങ്ങനെ കിടപ്പിലായത്. അയാളുടെ സുഹൃത്ത് നോക്കും. ഞാന്‍ ക്ലീന്‍ ചെയ്യും. മൂന്ന് നേരവും ആഹാരം കൊടുക്കും. വേണമെന്ന് പറയുന്ന ഭക്ഷണം തന്നെ കൊടുത്തിട്ടുണ്ട്. ഒരു കുറവും വരുത്തിയിട്ടില്ല. അമൃതാനന്ദമയി മഠത്തില്‍ നിന്ന് ഇറക്കിവിട്ടിട്ട് രണ്ടു വര്‍ഷമായി. അവിടെ പോകണമെന്ന് അങ്ങേര് എപ്പോഴും പറയുമായിരുന്നു. വിളിച്ചുചോദിക്കുമ്പോ തുറന്നിട്ടില്ലെന്നാ അവര്‍ പറഞ്ഞെ’- ഹോട്ടല്‍ നടത്തിപ്പുകാരി പറഞ്ഞു.
അമൃതാനന്ദമയി മഠത്തില്‍ പോകാന്‍ രണ്ട് വര്‍ഷം മുന്‍പ് സുഹൃത്തിനൊപ്പമെത്തിയ ഇര്വിന് കോവിഡ് ബാധിച്ചു. സുഹൃത്ത് വിസ പുതുക്കാന്‍ ശ്രീലങ്കയിലേക്ക് പോയപ്പോഴാണ് ഇര്വിന് തനിച്ചായത്. കഴിഞ്ഞ നാല് മാസമായി ഹോട്ടല്‍ മുറിയില്‍ ഇര്‍വിനെ പൂട്ടിയിട്ടു എന്നാണ് പോലീസ് പറയുന്നത്.
വീണ് പരിക്കേറ്റ ഇര്വിന് ഹോട്ടല്‍ നടത്തിപ്പുകാര്‍ മതിയായ ചികിത്സയോ ഭക്ഷണമോ നല്‍കിയില്ലെന്നും പോലീസ് പറയുന്നു. ഇര്‍വിനെ അമേരിക്കയിലെത്തിക്കാന്‍ നീക്കം തുടങ്ങി. ഇതിനായി യുഎസ് എംബസിയുമായി പോലീസ് ബന്ധപ്പെടിട്ടുണ്ട്.