ബെംഗളൂരു: കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കർശനമാക്കിയിരിക്കുകയാണ് കർണാടക. കേരള അതിർത്തികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. കേരളത്തിൽ നിന്നെത്തുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച്ച ക്വാറന്റിൻ വേണം. പതിനാറാം ദിവസം കൊറോണ പരിശോധന നടത്തിയ ശേഷമേ ക്ലാസിലേക്ക് പ്രവേശനം അനുവദിക്കു. അതേസമയം ബംഗ്ലൂരു ഹൊസൂർ വെറ്റിനറി കോളേജിലെ ഏഴ് മലയാളി വിദ്യാർത്ഥികൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.
ബെംഗളൂരുവിലെ നഴ്സിങ്ങ് കോളേജുകളിലടക്കം കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം ബെംഗളൂരുവിലെത്തിയ രണ്ട് ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് ഒമ്രികോണ്‍ വകഭേദദമില്ലെന്ന് സ്ഥിരീകരിച്ചു. ഈ മാസം 20 ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഇരുവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ പുതിയ വകഭേദമല്ലെന്ന് വ്യക്തമായി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഐടി പാര്‍ക്കുകളിലടക്കം ജോലിക്കെത്തുന്നവര്‍ക്ക് രണ്ട് ഡോസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ക്ക് എല്ലാം വിലക്ക് ഏര്‍പ്പെടുത്തി.
അതേസമയം കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രതാ നിർദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്‌ഥാനങ്ങളും വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ഡെൽഹി തുടങ്ങിയ ഇടങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തുന്നവർക്ക് ക്വാറന്‍റീനും ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാങ്ങളിലെല്ലാം സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിമാർ പ്രത്യേകം യോഗം വിളിച്ചു ചേർത്തിരുന്നു.
ഒമിക്രോൺ വൈറസ് ഭീതി വർധിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് പ്രഖ്യാപിച്ചു. മിക്ക വിമാന കമ്പനികളുംആഫ്രിക്കൻ സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ റദ്ദാക്കി. ബെൽജിയവും ജെർമനിയുമാണ് ഇതുവരെ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ച യൂറോപ്യൻ രാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഹോളണ്ടിലെ ആംസ്റ്റർഡാമിൽ എത്തിയ 61 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരെ ബാധിച്ചത് ഒമൈക്രോൺ ആണോയെന്നറിയാൻ പരിശോധന തുടങ്ങി. വിമാനത്തിൽ വന്ന മുഴുവൻ പേരെയും ക്വാറന്‍റീനിൽ ആക്കിയിട്ടുണ്ട്. ബെൽജിയത്തിലെ രോഗി എത്തിയ വിമാത്തിലെത്തിയ അറുന്നൂറോളം യാത്രക്കാരെ
നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു.