കൊച്ചി: മോഫിയ പർവീണിന്റെ ആത്മഹത്യ കേസിൽ സിഐ സുധീറിനെ പ്രതികൂട്ടിലാക്കി പോലീസ് എഫ്ഐആർ. മോഫിയയുടെ മരണത്തിലേക്ക് നയിച്ചത് സിഐ സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്ഐആറിൽ പറയുന്നു.
വിവാഹസംബന്ധമായി ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് ഇരു കൂട്ടരേയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ ഭർത്താവ് സുഹൈലിന്റെ കരണത്തടിച്ചു. ഇതുകണ്ട സിഐ സുധീർ കയർത്തു സംസാരിച്ചു. ഒരിക്കലും സിഐയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്ക് ഇടയ്ക്കുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
മോഫിയ പർവീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിലാണ് സിഐ സുധീറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
മോഫിയ പർവീണിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായ സിഐ സുധീറിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. സുധീറിന്റെ നടപടികളിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണർക്കാണ് അന്വേഷണ ചുമതല.
ഭർതൃപീഡനത്തിന് പരാതി നൽകിയ മോഫിയയെ സിഐ സുധീർ സ്റ്റേഷനിൽ വെച്ച് അധിക്ഷേപിച്ചുവെന്ന് മോഫിയ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു. ഭർതൃപീഡനത്തെക്കുറിച്ച് പരാതിയുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ മോഫിയ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിൽ മോഫിയയുടെ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. ഭർതൃമാതാവ് റുഖിയ രണ്ടാം പ്രതിയും ഭർതൃപിതാവ് മൂന്നാം പ്രതിയുമാണ്.