കൂനൂർ: ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടക്കുമ്പോൾ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന് ജീവന്റെ തുടിപ്പുണ്ടായിരുന്നുവെന്ന് സാക്ഷികൾ. രക്ഷാപ്രവർത്തകരോട് പതിഞ്ഞ സ്വരത്തിൽ തന്റെ പേര് പോലും അദ്ദേഹം പറഞ്ഞു എന്നാണ് ദുരിതാശ്വാസ, രക്ഷാപ്രവർത്തന സംഘത്തിൽ ഉൾപ്പെട്ടവർ പറയുന്നത്.
ഹെലികോപ്റ്ററിന്റെ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾക്ക് സമീപം ആദ്യം എത്തിയ ഒരു വ്യക്തിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ‘ഞങ്ങൾ 2 പേരെ ജീവനോടെ രക്ഷിച്ചു, അതിൽ ഒരാൾ സിഡിഎസ് ബിപിൻ റാവത്താണ്. അദ്ദേഹം പതിഞ്ഞ സ്വരത്തിൽ പേര് പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ജീവൻ പോയത്. ജീവനോടെ രക്ഷപ്പെടുത്തിയ മറ്റൊരാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല, റിലീഫ് ആൻഡ് റെസ്ക്യൂ ടീമിൽ ഉൾപ്പെട്ടിരുന്ന എൻസി മുരളി പറഞ്ഞു.
ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് നിന്ന് 12 പേരുടെ ശരീരങ്ങളാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. രണ്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട രണ്ടുപേർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പിന്നീട് ജീവനോടെ രക്ഷപ്പെടുത്തിയ രണ്ടാമത്തെയാൾ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഹെലികോപ്റ്റർ തകർന്നപ്പോൾ വലിയ ശബ്ദം കേട്ടുവെന്ന് 100 മീറ്റർ അകലെയുള്ള കാടേരി നിവാസികൾ പറയുന്നു. ജില്ലാ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു.
ശരീരത്തിന്റെ താഴോട്ടാണ് ബിപിൻ റാവത്തിന് കൂടുതൽ പരിക്കേറ്റത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത ജനറൽ റാവത്തിനെ ബെഡ്ഷീറ്റിൽ പൊതിഞ്ഞാണ് ആംബുലൻസിലേക്ക് മാറ്റിയത്. കത്തിക്കരിഞ്ഞ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിലെ തീ കെടുത്താൻ ഫയർ സർവീസ് എഞ്ചിൻ കൊണ്ടുപോകാനുള്ള റോഡും ഇവിടെ ഇല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സമീപത്തെ വീടുകളിൽ നിന്നും പുഴകളിൽ നിന്നും വെള്ളമെത്തിച്ച് നാട്ടുകാർ തീ അണയ്‌ക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായി.