കൊച്ചി: മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചനുമായി അടുപ്പമുണ്ടായിരുന്ന യുവതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തുവെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്ന് സൂചന.സൈജുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇവരെ കുറിച്ചുള്ള വിവരമുണ്ട്.
ഡിജെയായ സനയെ അല്ല പൊലീസ് പിടികൂടിയതെന്ന് വ്യക്തമായിട്ടുണ്ട്.കോഴിക്കോട്ടെ രഹസ്യ താവളത്തില്‍നിന്ന് പൊലീസ് പിടിയിലായ യുവതി മോഡലുകള്‍ പങ്കെടുത്ത നിശാപാര്‍ട്ടി നടന്ന ഒക്ടോബര്‍ 31നു രാത്രി ഫോര്‍ട് കൊച്ചി നമ്ബര്‍ 18 ഹോട്ടലിലുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഹോട്ടല്‍ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി ഇടപാടുകളില്‍ യുവതിക്കും പങ്കാളിത്തമുണ്ടെന്നാണു പൊലീസിന്റെ നിഗമനം. സൈജുവിനൊപ്പം നിശാപാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുത്തിരുന്ന യുവതി, ലഹരിമരുന്ന് ഇടപാടുകള്‍ക്കു വേണ്ടി സൈജുവിനു 10 ലക്ഷം രൂപ നല്‍കിയ മുംബൈ മലയാളി വനിതയ്‌ക്കൊപ്പം താമസം തുടങ്ങിയതോടെ സൈജുവില്‍നിന്ന് അകന്നുവെങ്കിലും ലഹരിമരുന്ന് ഇടപാടുകള്‍ തുടര്‍ന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായത്.
2020 സെപ്റ്റംബര്‍ 7ലെ 4 വിഡിയോകള്‍ ചിലവന്നൂരില്‍ സലാഹുദീന്‍ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റില്‍ അമല്‍ പപ്പടവട, നസ്ലീന്‍, സലാഹുദീന്‍ മൊയ്തീന്‍, ഷീനു മീനു (വെള്ളസാരിയുടുത്തത്) എന്നിവര്‍ പങ്കെടുത്ത പാര്‍ട്ടിയുടെ വിഡിയോയാണ്. തലേന്ന് അതേ ഫ്‌ളാറ്റില്‍ അനു ഗോമസിനെ കമിഴ്‌ത്തിക്കിടത്തി ശരീരത്തിന്റെ നടുഭാഗത്തായി എംഡിഎംഎ 5 ലൈനുകളിട്ടു കൂട്ടത്തിലൊരാള്‍ കറന്‍സി നോട്ട് ചുരുട്ടി വലിക്കുന്നതിന്റെ വിഡിയോയാണ്-ഇതാണ് ഒരു വിഡിയോയെ കുറിച്ചുള്ള മൊഴി. ഈ മൊഴിയില്‍ പറയുന്ന പേരുകാരിയാണ് പിടിയിലായതെന്നാണ് സൂചന.
നേരത്തേ, നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി സൈജു ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലില്‍ റിക്കോര്‍ഡ് ചെയ്ത് ബ്ലാക്‌മെയില്‍ ചെയ്തതായും വിവരം ലഭിച്ചു. നവംബര്‍ ഒന്നിനു പുലര്‍ച്ചെ എറണാകുളം വൈറ്റിലയിലുണ്ടായ വാഹനാപകടത്തിലാണ്, മോഡലുകളായ അഞ്ജന ഷാജനും അന്‍സി കബീറും കൊല്ലപ്പെട്ടത്.