കുറ്റക്കാര്‍ രാജനും ഭാര്യയും നാട്ടുകാരും; ദുരിതത്തിലായി മക്കളുടെ ജീവിതം: സര്‍ക്കാര്‍ വാഗ്ദാനം പാഴ് വാക്കായി

December 27, 2021
188
Views

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കല്‍ ശ്രമത്തിനിടെ പൊളളലേറ്റ് മരിച്ച രാജന്‍റേയും അമ്പിളിയുടേയും മക്കള്‍ക്ക് വീട് നിര്‍മിച്ച് നൽകുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴ് വാക്കായി. ഒരു വര്‍ഷമാകുമ്പോഴും രണ്ടാണ്‍മക്കളും കഴിയുന്നത് വൈദ്യുതിപോലുമില്ലാത്ത വീട്ടിലാണ്.

അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷത്തില്‍, സംഭവത്തിലെ കുറ്റക്കാര്‍ രാജനും ഭാര്യയും നാട്ടുകാരുമാണെന്ന വിചിത്രകണ്ടെത്തലുമുണ്ട്. കേരള മനസാക്ഷിയെ മരവിപ്പിച്ച ആ മരണത്തിന് നാളെ ഒരുവയസ് തികയുന്നു. അച്ഛനും അമ്മയ്ക്കും അന്തിയുറങ്ങാന്‍ മകന്‍ കുഴിവെട്ടുന്ന ദൃശ്യങ്ങളില്‍ ‍ഞെട്ടല്‍ പ്രകടിപ്പിച്ചെത്തിയവര്‍ വാഗ്ദാനങ്ങൾ നൽകി മടങ്ങിയതല്ലതെ നടപടികൾ ഉണ്ടായില്ല.

2020 ഡിസംബര്‍ 22 നാണ് അനധികൃതമായി കൈയ്യേറിയ ഭൂമി എന്ന് കാണിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ഇവരെ ഒഴിപ്പിക്കാന്‍ കോടതി ജീവനക്കാരും പൊലീസുമെത്തിയത്. വിസമ്മതിച്ച ദമ്പതികള്‍ ആത്ഹത്യാഭീഷണി മുഴക്കുന്നതിനിടെ ഗുരുതരമായി പൊളളലേറ്റ് ആറാം ദിവസം മരിച്ചു. മക്കള്‍ക്ക് വീടു നിർമിക്കാൻ സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചു.

എന്നാൽ ഭൂമി ഇതുവരെ ഏറ്റെടുത്തു നൽകിയില്ല. ഭൂമിയുടെ അവകാശികളെ സംബന്ധിച്ച റിപ്പോർട്ട് കലക്ടർ ഡോ നവ്ജ്യോത് ഖോസ, സർക്കാരിനു സമർപ്പിച്ചെങ്കിലും ഫയലുകള്‍ ചുവപ്പുനാടയിൽ കുരുങ്ങി. അന്ന് ഉടമയെന്ന് അവകാശപ്പെട്ടിരുന്ന വസന്തയുടെ പക്കൽ നിന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ ഭൂമി വാങ്ങി നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് എത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് രാജന്റെ മക്കൾ ആ സഹായം നിരസിച്ചു. കുറ്റക്കാരെ കണ്ടെത്താനായി ആരംഭിച്ച ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ രാജനും ഭാര്യയും നാട്ടുകാരുമാണ് ഇപ്പൊൾ പ്രതികള്‍. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയിലാണ് ഇക്കാര്യമുളളത്.

മാതാപിതാക്കൾ നഷ്ടമായ വേദനയിലും രാജന്‍ നടത്തിവന്ന ഭക്ഷണവിതരണം നാളിതുവരെ മക്കള്‍ മുടക്കിയിട്ടില്ല. അച്ഛനും അമ്മയും അന്തി ഉറങ്ങുന്ന സ്ഥലത്തുതന്നെ അടച്ചുറപ്പുള്ളൊരു വീടെന്നതാണ് ഇവരുടെ സ്വപ്നം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *