കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരേ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. പുനർവിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂർണമായും അംഗീകരിക്കാത്തതിനെതിരേയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. എന്നാൽ വിചാരണ കോടതി ഈ ആവശ്യം പൂർണമായും അംഗീകരിച്ചിരുന്നില്ല. ഇതിനെതിരേയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
16 പേരുടെ പട്ടികയിൽ ഏഴുപേർ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരിൽനിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കഴിഞ്ഞദിവസം പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണ കോടതി നിരാകരിച്ചു. മൂന്നുപേരുടെ പുനർവിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നൽകിയത്. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താനും കോടതി അനുമതി നൽകി. എന്നാൽ ഇത് പോരെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. പട്ടികയിലുള്ള 16 പേരുടെയും വിസ്താരം കേസിൽ പ്രധാനപ്പെട്ടതാണെന്ന് വാദിച്ചാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.