പറവൂര്‍: പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജിത്തുവിനെ പോലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മാതാപിതാക്കള്‍ക്ക് വിസ്മയയോടുള്ള അമിത സ്‌നേഹമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിസ്മയ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിസ്മയയെ കുത്തി വീഴ്‌ത്തിയ ശേഷമാണ് തീ കൊളുത്തിയത്. വീട്ടിലെ കറിക്കത്തി ഉപയോഗിച്ചാണ് വിസ്മയെ കുത്തിയത്. അതിനു ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. വിസ്മയയെ കത്തിച്ചത് ജീവനോടെയാണെന്നും ജിത്തുവിന്റെ മൊഴിയില്‍ പറയുന്നു. കയ്യാങ്കളിക്കിടയില്‍ ജിത്തുവിന്റെ വിരലിന് പരിക്കേറ്റിട്ടുണ്ട്. മുറിവേറ്റ വിരലുകളില്‍ ജിത്തു ബാന്‍ഡേജ് കെട്ടിയിരുന്നു.
കൊലപാതകത്തിനു ശേഷം സിറ്റിയിലേക്ക് കടന്നു. പലരോടും ലിഫ്റ്റ് ചോദിച്ചും വണ്ടിക്കൂലി ആവശ്യപ്പെട്ടുമാണ് കാക്കനാടെത്തിയത്. ഹോട്ടലുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളിലും സമയം ചെലവഴിച്ചുവെന്നും ജിത്തു പോലീസിനോട് പറഞ്ഞു. ഇന്നലെ വൈകീട്ടോടെ കാക്കനാട്ടെ അഭയകേന്ദ്രത്തില്‍ വച്ചാണ് ജിത്തുവിനെ പോലീസ് പിടികൂടിയത്. അഭയകേന്ദ്രത്തില്‍ നിന്ന് പറവൂര്‍ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യം നടത്താന്‍ ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്ന് ജിത്തു പറഞ്ഞെങ്കിലും ഈ മൊഴി പൂര്‍ണ്ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു കൊലപാതകം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചത്. ആദ്യഘട്ടത്തില്‍ കൊല്ലപ്പെട്ടത് ആരാണെന്ന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വിശദപരിശോധനകള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ടത് വിസ്മയ ആണെന്ന് കണ്ടെത്തിയത്.