കോട്ടയം: ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ 150-ാം ചരമ വാർഷികാഘോഷ സമാപനം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. മാന്നാനം സെന്റ് അഫ്രംസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ചടങ്ങുകൾ. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ഉന്നമനത്തിനു പ്രയത്നിച്ച ചാവറ അച്ഛൻ സമൂഹത്തിനു വലിയ പ്രചോദനം ആയിരുന്നു എന്നും പൂർവ്വികർ സ്വീകരിച്ചു പോന്നിരുന്ന മൂല്യങ്ങൾ നാം സംരക്ഷിക്കേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
എല്ലാ മതങ്ങളെയും ബഹുമാനിക്കണം. ഏതെങ്കിലും ഒരു മതത്തെ ഇകഴ്ത്തുന്നതോ അവഹേളിക്കുന്നതോ രാജ്യത്തിനെതിരായ കുറ്റകൃത്യം ആണെന്ന് നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഒറ്റപ്പെട്ട സംഭവത്തെ ചൂണ്ടി കാട്ടിയും വ്യാജ വാർത്തയുടെ അടിസ്ഥാനത്തിലും കേന്ദ്രം ക്രിസ്ത്യൻ സമൂഹത്തിനു എതിരാണെന്നു പ്രചരിപ്പിക്കുന്നു എന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.
മിഷ്നറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച വാര്‍ത്തകള്‍ ചൂണ്ടി കാട്ടിയാണ് കേന്ദ്ര സഹമന്ത്രിയുടെ വാക്കുകള്‍. സംഘടനകൾ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും വി മുരളീധരന് വിശദമാക്കി.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കേരള സന്ദര്‍ശനത്തിന്റെ അവസാന ദിവസമാണ് ഇന്ന്. കൊച്ചിയിലെത്തുന്ന ഉപരാഷ്ട്രപതി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഇന്ത്യ എറണാകുളം ശാഖയുടെ പുതിയ മന്ദിരത്തിന് ശിലാസ്ഥാപനം നടത്തും.