കാൻബെറ: ഓസ്ട്രേലിയയിൽ റെക്കോർഡ് താപനില രേഖപ്പെടുത്തി. പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ സ്ഥിതി ചെയ്യുന്ന തീരദേശ പട്ടണമാണ് ഓൺസ്ലോ. 50.7 ഡിഗ്രി സെൽഷ്യസാണ് പട്ടണത്തിൽ രേഖപ്പെടുത്തിയത്. വർധിച്ചു വരുന്ന ആഗോളതാപനമാണ് ഓസ്ട്രേലിയയിൽ ഇതുപോലെ താപനില ഉയർത്താനിടയാക്കിയത്. ഇനിയും താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് രാജ്യത്തെ കാലാവസ്ഥ കൗൺസിൽ മുന്നറിയിപ്പ് നൽകി.
തീരദേശ പട്ടണമായ ഓൺസ്ലോവിലാണ് ജനുവരി 13 വ്യാഴാഴ്ച റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. “നിലവിൽ ഇതുവരെയും ഇവിടെ രേഖപ്പെടുത്തിയിൽ വെച്ച ഏറ്റവും വലിയ താപനിലയാണിത്. ദേശീയ റെക്കോർഡിന് തുല്യമായ ഒന്ന്. ” — സംസ്ഥാന ബ്യൂറോ ഓഫ് മെറ്റീരിയോളജീ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
“പണ്ടെങ്ങും കണ്ടു പരിചയമില്ലാത്ത താപനിലയിലേക്കാണ് ഓൺസ്ലോ എത്തിച്ചേർന്നിരിക്കുന്നത്, – 50.7 സെൽഷ്യസ്. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ റെക്കോഡാണിത്. അത് കൂടാതെ 62 വർഷം മുമ്പ് സൗത്ത് ഓസ്ട്രോലിയയിൽ ഊഡനദറ്റയിൽ ഉണ്ടായ ഏറ്റവും ചൂടേറിയ ദിവസത്തിന് തുല്യമായിരിക്കുകയാണ് പുതിയ താപനില.
“ബ്യൂറോയുടെ വെബ്സൈറ്റ് പ്രകാരം സൗത്ത് ഓസ്ട്രേലിയയിലെ ഊഡനദത്ത വിമാനത്താവളത്തിൽ 1960 ജനുവരി 2 ന് 50.7C താപനിലയാണ് രാജ്യത്ത് അവസാനമായി രേഖപ്പെടുത്തിയത്.” — കാലാവസ്ഥാ കൗൺസിൽ റിസർച്ച് ഡയറക്ടർ ഡോ. മാർട്ടിൻ റൈസ് പറഞ്ഞു.
“കൽക്കരി, എണ്ണ, വാതകം എന്നിവയുടെ ജ്വലനം മൂലം താപനില ഉയരാൻ കാരണമായിട്ടുണ്ട്.”
ഇതുവരേയും അനുഭവിക്കാത്തത് പോലെയുള്ള താപനിലയിലെ വർധനവ് ഓസ്ട്രേലിയയിൽ ഇതിനോടകം തന്നെ ആപത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികൾ വീടുകളിൽ എയർ കണ്ടീഷനറുകൾ ഉപയോഗിച്ച് സുരക്ഷിതരായി ഇരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
“രാജ്യത്തെ ഏറ്റവും നിശബ്ദമായ കൊലയാളിയായാണ് ഇത്തരം ചൂട് തരംഗങ്ങളെ വിശേഷിപ്പിക്കാറുള്ളത്. മറ്റ് പല തീവ്രമായ കാലാവസ്ഥ ദുരന്തങ്ങളേക്കാളുമധികം കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്നത് ഇത്തരം ചൂടുതരംഗങ്ങളാണ് എന്നതാണ് അതിന്റെ പ്രധാനപ്പെട്ട കാരണമായി കണക്കാക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗത്ത് കാട്ടു തീയും കിഴക്കൻ തീരത്ത് ശക്തവും ഭീകരവുമായ വെള്ളപ്പൊക്കവുമുള്ള വേനൽക്കാലമാണ് ജനങ്ങൾ നേരിട്ടത്. ഹരിതഗൃഹ വാതകത്തിന്റെ ഉദ്വമനം കുറക്കാതെ ഇത്തരം റെക്കോർഡ് താപനില കുറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
“2030ഓടു കൂടി സിഡ്നിയിലും മെൽബണിലും 50 ഡിഗ്രി താപനില അനുഭവപ്പെടുന്ന വേനൽക്കാലമായിരിക്കും ഉണ്ടാകുക. അന്ന് അത്തരം അവസ്ഥകളോട് നമുക്ക് പോരാടേണ്ടതായി വരും.” — റൈസ് പറഞ്ഞുവെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ക്വാളിറ്റി കൺട്രോൾ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ബ്യൂറോ ഓഫ് മെറ്റീരിയോളജി റെക്കോർഡ് ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.