ന്യൂ ഡെൽഹി: രാജ്യത്ത് 12 മുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിൻ കുത്തിവെപ്പ് മാർച്ചോടെ ആരംഭിക്കും. വാക്സിനേഷനുമായി ബന്ധപ്പെട്ട ദേശീയ ഉപദേശക സമിതിയുടെ ചെയർമാൻ എൻ.കെ അറോറയാണ് ഇതുസംബന്ധിക്കുന്ന വിവരം അറിയിച്ചത്.
15-18 പ്രായപരിധിയിലുള്ള കുട്ടികൾക്കുള്ള വാക്സിൻ കുത്തിവെപ്പ് ജനുവരി അവസാനത്തോടെ പൂർത്താകുമെന്നാണ് കരുതുന്നത്. ഇവർക്കുള്ള രാണ്ടാമത്തെ ഡോസ് വിതരണം ഫെബ്രുവരിയിൽ ആരംഭിക്കും. ജനുവരി മൂന്നിനാണ് 15-18 പ്രായപരിധിയിലുള്ള കുട്ടികൾക്കുള്ള വാക്സിൻ കുത്തിവെപ്പിന് രാജ്യത്ത് തുടക്കം കുറിച്ചത്.
അതേസമയം രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായി. വാക്സിൻ വിതരണത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
വാക്സിൻ വിതരണം ഒരു വർഷം പിന്നിട്ടതിന്റെ ഓർമ്മയ്ക്കായി കേന്ദ്ര സർക്കാർ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ സ്റ്റാമ്പ് പ്രകാശനം ചെയ്തു.