സിപിഎമ്മിന് തിരിച്ചടി: കാസർക്കോട് ജില്ലയിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾ ഹൈക്കോടതി വിലക്കി

January 21, 2022
207
Views

കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർക്കോട് ജില്ലയിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾ ഹൈക്കോടതി വിലക്കി. പൊതുസമ്മേളനങ്ങൾ വിലക്കിക്കൊണ്ട് വ്യാഴാഴ്ച ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു.

രണ്ടു മണിക്കൂറിനകം ഇത് പിൻവലിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സമ്മേളനങ്ങളിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പാക്കണമെന്ന് കോടതി നിർദേശം നൽകി. ഒരാഴ്ചത്തേക്കാണ് ഉത്തരവിന് പ്രാബല്യം.

റിപ്പബ്ലിക് ദിനാഘോഷത്തിൽ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയപാർട്ടികളുടെ സമ്മേനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.

കൊറോണ വ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടരുന്നതിൽ വ്യാപക എതിർപ്പ് ഉയർന്നിരുന്നു. ഇതിനിടെയാണ് 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന സമ്മേനങ്ങൾക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിച്ചിരുന്നു.

ഇതിനിടെ ജില്ലാ സമ്മേളനങ്ങൾ രണ്ടു ദിവസമാക്കി വെട്ടിച്ചുരുക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കാസർക്കോട്, തൃശൂർ ജില്ലാ സമ്മേളനങ്ങളാണ് വെട്ടിച്ചുരുക്കുക. രണ്ടിടത്തും സമ്മേളനം നാളെ അവസാനിപ്പിക്കും. തൃശൂരിൽ വെർച്വൽ പൊതുസമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്.

സിപിഎം സമ്മേളനങ്ങൾക്ക് വേണ്ടിയാണ് കളക്ടർ നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയതെന്നായിരുന്നു പൊതുതാത്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ക്ലാർക്കാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച ഹർജി പരിഗണിച്ചത്. തുറസ്സായ സ്ഥലത്ത് 150 പേരെ പങ്കെടുപ്പിക്കാൻ സാധിക്കുമെന്ന് ഉത്തരവുണ്ടെന്ന് സർക്കാർ അഭിഭാഷൻ ചൂണ്ടിക്കാട്ടിയപ്പോൾ കോടതി ഇത് അംഗീകരിച്ചില്ല. ഈ മാനദണ്ഡങ്ങൾ യുക്തസഹമാണോയെന്നും കോടതി ചോദിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *