‘ആർട്ടിക്കിൾ 164നെ മന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു’; വി ഡി സതീശൻ

January 26, 2022
97
Views

ലോകയുക്ത നിയമഭേദഗതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാരുടെ പ്രതികരണം യുക്തിസഹമല്ല എന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ആർട്ടിക്കിൾ 164നെ നിയമമന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചു, ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള ന്യായീകരണം തെറ്റാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭേദഗതി മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണ്. കോടിയേരിയുടെ പ്രതികരണത്തിൽ അത് വ്യക്തമാണ്. കോടതി വിധിയുണ്ടെന്ന വാദം തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യവുമായി യുഡിഎഫ് നേതാക്കൾ നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. ലോകായുക്തയുടെ ചിറകരിയുന്ന സർക്കാർ നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാക്കൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.നാളെ രാവിലെ 9 മണിക്ക് രാജ്ഭവനിലെത്തി ഗവർണറെ കാണാനാണ് നേതാക്കൾ അനുമതി ചോദിച്ചിട്ടുള്ളത്. സർക്കാർ നീക്കം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമായി കാണുന്നതുകൊണ്ട് ഓർഡിനൻസിൽ ധൃതി പിടിച്ച് ഗവർണർ ഒപ്പുവച്ചേക്കില്ല. വിമർശനങ്ങളുടെ വസ്തുതയും ഗവർണർ ആരാഞ്ഞിട്ടുണ്ട്. ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവർണർക്ക് കത്തയച്ചിട്ടുണ്ട്.

അതേസമയം ലോകായുക്ത ഭേദഗതിയിൽ ആവശ്യമായ ചർച്ച എൽഡിഎഫിൽ നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭയിൽ ബില്ലായി അവതരിപ്പിക്കേണ്ട ഭേദഗതിയാണ് ഇത്. നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നു. ഓർഡിനൻസായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദങ്ങൾക്ക് കാരണമായത്. വിഷയത്തിൽ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മതരാഷ്ട്രവാദത്തിന് കേന്ദ്രം കോപ്പുകൂട്ടുകയാണ്. സംസ്ഥാന അവകാശങ്ങളുടെ മേൽ കേന്ദ്രം കടന്നുകയറുകയാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ലോകായുക്ത കേരളത്തിൽ വന്നത് എത്രയോ മുമ്പാണ്. ചില വകുപ്പുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട്. നിയമസഭ ചേരും മുമ്പ് എന്തിനാണീ ഓർഡിനൻസ് എന്ന് പൊതുജനങ്ങൾക്ക് മനസിലാകുന്നില്ല. ഓർഡിനൻസ് ബില്ലായി സഭയിൽ കൊണ്ടുവന്നിരുന്നെങ്കിൽ എല്ലാവർക്കും നിലപാട് പറയാൻ അവസരമുണ്ടായേനേ എന്നും കാനം കൂട്ടിച്ചേർച്ചു

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് കാര്യമായ ചർച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിർണ്ണായക നിയമഭേദഗതി എൽഡിഎഫിലും ചർച്ച ചെയ്തില്ല. കെടി ജലീലിന്റെ രാജി മുതൽ ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 ഭേദഗതി ചെയ്യാൻ സർക്കാർ നീക്കം തുടങ്ങിയിരുന്നു.

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *