വെസ്റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ലെഗ് സ്പിന്നർ രവി ബിഷ്ണോയും ഓൾറൗണ്ടർ ദീപക് ഹൂഡയുമാണ് ടീമിലെ പുതുമുഖങ്ങൾ. ബിഷ്ണോയ് ഏകദിന, ടി-20 ടീമുകളിൽ ഇടംപിടിച്ചപ്പോൾ ഹൂഡയ്ക്ക് ഏകദിന ടീമിൽ സ്ഥാനം ലഭിച്ചു. അവേഷ് ഖാൻ ഏകദിന, ടി-20 ടീമുകളിൽ സ്ഥാനം നേടിയപ്പോൾ ഹർഷൽ പട്ടേൽ ടി-20 ടീമിലെ സ്ഥാനം നിലനിർത്തി. രോഹിത് ശർമ്മയാണ് ഇരു ടീമുകളുടെയും ക്യാപ്റ്റൻ. രോഹിതിനു കീഴിൽ ഇത് ആദ്യമായാണ് വിരാട് കോലി കളിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾ അടങ്ങിയ പരിമിത ഓവർ പരമ്പരകൾ അടുത്ത മാസം 6ന് ആരംഭിക്കും.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മോശം ഫോം നടത്തിയ ഭുവനേശ്വർ കുമാറും വെങ്കടേഷ് അയ്യരും ടി-20 ടീമിലുണ്ട്. ഏറെക്കാലത്തിനു ശേഷം ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവ് ഏകദിന ടീമിൽ തിരികെയെത്തി. അശ്വിൻ രണ്ട് ടീമിലും ഇല്ല. ബുംറയ്ക്കും ഷമിയ്ക്കും വിശ്രമം അനുവദിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം നടത്തിയ ശർദ്ദുൽ താക്കൂറും ദീപക് ചഹാറും ഇരു സ്ക്വാഡിലും ഇടംപിടിച്ചു. പ്രസിദ്ധ് കൃഷ്ണ ഏകദിന ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ ഇരു സ്ക്വാഡിലേക്കും മടങ്ങിയെത്തി. അക്സർ പട്ടേൽ ടി-20 ടീമിൽ മടങ്ങിയെത്തി. പരുക്കിൽ നിന്ന് പൂർണമായി മുക്തരാവാത്ത ജഡേജയും ഹാർദ്ദിക്കും പുറത്തിരിക്കും. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തിയ തമിഴ്നാട് ബാറ്റർ ഷാരൂഖ് ഖാനും മധ്യപ്രദേശ് ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഋഷി ധവാനും ടീമുകളിൽ ഇടംനേടുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.