കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കൊച്ചിയിലെ വിചാരണക്കോടതിയ്ക്ക് കൈമാറി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ നിർത്തി വയ്ക്കണമെന്നും വിസ്താരത്തിന് കൂടുതൽ സമയം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
രണ്ടു സാക്ഷികളുടെ വിസ്താരവും ഇന്ന് നടന്നു. ഇതിനിടെ ദിലീപ് നൽകിയ രണ്ട് ഹർജികൾ പരിഗണിക്കുന്നത് കോടതി അടുത്തമാസം ഒന്നിലേക്ക് മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുളള നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കോടതിയ്ക്ക് കൈമാറണമെന്നാണ് ഹർജികളിലൊന്ന്.
അതേസമയം വധശ്രമ ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെടും. ഇതിനായി പ്രത്യേക അപേക്ഷ നൽകും. ഇന്ന് ഉച്ചയ്ക്ക് 1.45 ന് കേസ് പരിഗണിക്കണമെന്നാണ് ആവശ്യം. ദിലീപിൻ്റെ മുൻകൂർ ജാമ്യ ഹർജിയിൽ ഉപഹർജിയാണ് നൽകിയത്.
കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. അന്വേഷണത്തിൽ പ്രധാന തെളിവായ മൊബൈൽ ഫോൺ ഹാജരാക്കിയില്ലെന്നും പ്രോസിക്യൂഷൻ പരാതിപ്പെടുന്നു. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ്
പ്രോസിക്യൂഷൻ്റെ ആവശ്യം.