ദിലീപിന് തിരിച്ചടി: തിങ്കളാഴ്ച പത്ത് മണിക്ക് മുമ്പായി ഫോണുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി

January 29, 2022
77
Views

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലെ ഫോൺ കൈമാറ്റ വിഷയത്തിൽ നടൻ ദിലീപിന് തിരിച്ചടി. തിങ്കളാഴ്ച പത്ത് മണിക്ക് മുമ്പായി ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുന്നിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. തെളിവുകൾ നൽകാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി പറഞ്ഞു.

ദിലീപിന്റെ വാദങ്ങളെ പൂർണമായി തള്ളുകയായിരുന്നു കോടതി. ദിലീപ് ഫോണുകൾ സ്വന്തം നിലയിൽ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് ഹൈക്കോടതി ആവർത്തിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പ്രതികരണം.

ദിലീപ് തന്റെ ഫോണുകൾ ഫോറൻസിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു. ആർക്കാണ് ഇത്തരത്തിൽ പരിശോധനക്ക് അയക്കാൻ അവകാശമെന്ന് കോടതി ചോദിച്ചു. കേന്ദ്ര അംഗീകൃത ഏജൻസികൾക്കാണ് അതിനുള്ള അവകാശം. അല്ലാത്ത പരിശോധനാ ഫലം തെളിവ് നിയമപ്രകാരം ഇതിന് സാധുതയില്ലെന്നും കോടതി ആമുഖമായി പറഞ്ഞു. സ്വന്തം നിലയിൽ പരിശോധനക്ക് അയച്ചത് ശരിയായ നടപടി അല്ലെന്ന് കോടതി ആവർത്തിക്കുകയായിരുന്നു.

പോലീസും മാധ്യമങ്ങളും ചേർന്ന് വേട്ടയാടുന്നു. 2017 മുതലുള്ള സന്ദേശങ്ങൾ വീണ്ടെടുക്കേണ്ടതുണ്ട്. ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്നുമാണ് ദിലീപിന്റെ വാദം. കോടതി ദയവ് കാണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇത് ദയയുടെ കാര്യമല്ലെന്നാണ് കോടതിയുടെ മറുപടി. 2017 ൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ചതാണ്.

ഇപ്പോൾ ചെയ്യുന്നത് ദിലീപിനെ കുടുക്കാനുള്ള തന്ത്രങ്ങളാണ് ക്രൈംബ്രാഞ്ച് ചെയ്യുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപിനെതിരായ അന്വേഷണമായി മാറ്റുകയാണ്. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ വിശ്വാസമില്ല. അത് പോലീസിന്റെ തന്നെ നിയന്ത്രണത്തിലുള്ളതാണ്. ദിലീപിന്റെ സ്വകാര്യതയോ മറ്റ് കാര്യങ്ങളോ അന്വേഷണ സംഘം പരിഗണിക്കുന്നില്ലെന്നുമാണ് ദിലീപ് കോടതിയിൽ വ്യക്തമാക്കുന്നത്.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. 2017 ഡിസംബറിൽ എം ജി റോഡിലെ ഫ്ളാറ്റിൽ വെച്ചും 2018 മെയിൽ പോലീസ് ക്ലബ്ബിൽ വെച്ചും 2019 ൽ സുഹൃത്ത് ശരത്തും സിനിമ നിർമാതാവുമായും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഡാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *