ചിൽഡ്രൻസ്ഹോമിൽ നിന്ന് പെൺകുട്ടികൾ ഒളിച്ചോടിയ സംഭവം; മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ

January 30, 2022
81
Views

കോഴിക്കോട്: വെല്ലിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്ത് ചാടിയ കുട്ടികളിൽ തന്റെ മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളിൽ ഒരാളുടെ രക്ഷിതാവ്. എന്നാൽ കുട്ടിയെ വിട്ട് തരില്ലെന്ന നിലപാടിലാണ് ചിൽഡ്രൻസ് ഹോം അധികൃതരെന്ന് ഇവർ പരാതിപ്പെടുന്നു. ഇത് വ്യക്തമാക്കി ജില്ലാ കളക്ടർക്കും സിഡബ്ലൂ സിക്കും ഒപ്പം പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലെ ആറ് പെൺകുട്ടികളെ കാണാതായത്. പൊലീസ് അന്വേഷണത്തിൽ കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നും കണ്ടെത്തി. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയിൽ രഹസ്യമൊഴി നൽകിയ പെൺകുട്ടികളെ ജുവനൈൽ ജസ്റ്റിസിന് മുൻപാകെ ഹാജരാക്കി. അതിന് ശേഷം ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ഇന്നലെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും ഇയാളെ ഉടൻ തന്നെ പിടികൂടി. ഇയാൾക്ക് ഒപ്പം കൊല്ലം സ്വദേശി ടോം തോമസും അറസ്റ്റിലായിരുന്നു. അറസ്റ്റിലായ രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവാക്കളെ ബംഗളുരുവിലെക്കുള്ള യാത്രാ മധ്യേ പരിചയപ്പെട്ടതാണെന്നാണ് പെൺകുട്ടികളുടെ മൊഴി.

സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത്, ബംഗലൂരുവിലെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥനത്തിലാണ് പോക്‌സോ , ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തി യുവാക്കൾക്കെതിരെ കേസ് എടുത്തത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *