ഗൂഢാലോചന കേസ് : ഇന്ന് നിര്‍ണായ വാദം.

February 1, 2022
60
Views

വധശ്രമ, ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നത് സംബന്ധിച്ചുള്ള പ്രോസിക്യൂഷന്റെ ഉപഹര്‍ജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്നതില്‍ ദിലീപ് കടുത്ത എതിര്‍പ്പറയിച്ചിട്ടുണ്ട്.എന്നാല്‍ മുന്‍പ് കൈവശമില്ലെന്ന് പറഞ്ഞ ഫോണ്‍ ഹാജരാക്കി മറ്റൊന്ന് ഒഴിവാക്കിയ ദിലീപിന്റെ നടപടി അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് പ്രോസിക്യൂഷന്റെ വാദം.

അറസ്റ്റിനുള്ള വിലക്ക് പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന് മറയാക്കുകയാണെന്ന ആരോപണവും പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്. ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും കഴിഞ്ഞ ദിവസം ദിലീപ് വാദത്തിനിടയില്‍ മുന്നോട്ടുവച്ചിരുന്നു. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും ഇന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.അതേസമയം ഫോണുകളുടെ കാര്യത്തില്‍ ദിലീപ് ഇന്നലെ വ്യക്തത വരുത്തിയിരുന്നു. പ്രോസിക്യൂഷന്‍ പട്ടികയിലെ 2, 3, 4 ക്രമനമ്പറിലുള്ള ഫോണുകളാണ് പ്രതിഭാഗം കോടതിയില്‍ കൈമാറിയത്. ഒന്നാമതായി പറയുന്ന ഐഫോണ്‍ ഏതെന്ന് അറിയില്ലെന്നും പണ്ട് ഉപയോഗിച്ചിരുന്നതോ അന്വേഷണസംഘം പിടിച്ചെടുത്തതോ ആയ ഐഫോണ്‍ ആകാമെന്നുമാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്കാണ് ആദ്യം തീരുമാനിച്ചതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഇന്ന് തന്നെ അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.കേസിലെ നിര്‍ണായ തെളിവായ ഫോണിനുവേണ്ടി യാചിക്കേണ്ട സാഹചര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ദിലീപ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന്റെ മറവില്‍ തെളിവുകള്‍ ദിലീപ് നശിപ്പിക്കുകയാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു.ഡിജിറ്റല്‍ തെളിവുകളടക്കം പ്രതികള്‍ക്കെതിരെ മുമ്പുള്ളതിനേക്കാള കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് ഉടന്‍ നീക്കണമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഫോണുകള്‍ ഏത് ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കണമെന്നതില്‍ അടക്കം ഇന്ന് തീരുമാനമുണ്ടാകും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *