ലഖ്നൗ: ഉത്തർപ്രദേശിലെ ഏട്ടായിൽ ആറുവയസ്സുകാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം. ശ്വാസംമുട്ടിയാണ് പെൺകുട്ടിയുടെ മരണം സംഭവിച്ചതെന്നും കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പെൺകുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് ഒരു സ്വകാര്യ ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ പറമ്പിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം മുറിവേറ്റിരുന്നു. തുടർന്ന് പോസ്റ്റുമോർട്ടം നടത്തിയതോടെയാണ് കൊല്ലപ്പെടുന്നതിന് മുമ്പ് കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായത്.
സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആഗ്ര-ഏട്ടാ റോഡ് നാട്ടുകാർ ഉപരോധിച്ചു. പിന്നീട് പോലീസും നാട്ടുകാരും നടത്തിയ ചർച്ചയെത്തുടർന്നാണ് 45 മിനിറ്റോളം നീണ്ട ഉപരോധം അവസാനിപ്പിച്ചത്. അന്വേഷണത്തിനായി രണ്ടുദിവസം കൂടി നൽകണമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് നാട്ടുകാരെ അറിയിച്ചു.
വിവരമറിഞ്ഞ് ജില്ലാ മജിസ്ട്രേറ്റ് അങ്കിത് കുമാർ അഗർവാൾ, എസ്.എസ്.പി. ഉദയ് ശങ്കർ സിങ് തുടങ്ങിയവർ സ്ഥലത്തെത്തി. ഇവർ കുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുകയും പ്രതികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് പോലീസ് സംഘം പറയുന്നത്. ആരെയെങ്കിലും സംശയിക്കുന്നതായി കുട്ടിയുടെ മാതാപിതാക്കളും മൊഴി നൽകിയിട്ടില്ല. സംഭവത്തിൽ കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാവുമെന്നും പോലീസ് പറഞ്ഞു.