വ്യാജ പീഡന പരാതിക്കേസില്‍ സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പരാതി നല്‍കിയ കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. ആകെ പത്ത് പ്രതികളുള്ള കേസില്‍ ആഭ്യന്തര അന്വേഷണ സമിതി അംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ വിനോയ് ജേക്കബ് ആണ് ഒന്നാം പ്രതി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടാംപ്രതിയായ സ്വപ്‌നയാണ് വ്യാജപരാതിയുണ്ടാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി സൃഷ്ടിക്കാന്‍ കൂട്ടുനിന്നെന്നാണ് ആഭ്യന്തര അന്വേഷണ സമിതിക്കെതിരായ കണ്ടെത്തല്‍. 2016ലാണ് കേസില്‍ അന്വേഷണത്തിന് തുടക്കമിടുന്നത്. ബിനോയ് ജേകബ്, സ്വപ്ന സുരേഷ്, ദീപക് ആന്റോ, ഷീബ, നീതു മോഹന്‍, ഉമ മഹേശ്വരി സുധാകര്‍, സത്യ സുബ്രമണ്യം, രാജന്‍, ലീന ബിനീഷ്, അഡ്വ. ശ്രീജ ശശിധരന്‍ എന്നിവരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരെയും കേസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിന് എല്‍എസ് സിബുവിനെതിരെ എയര്‍ ഇന്ത്യ നടപടിയെടുത്തിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന സുരേഷ് എല്‍എസ് സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജ പരാതി നല്‍കിയത്.