ഒട്ടുപുറം തൂവല്‍ത്തീരം ബീച്ചിലെ ദുരന്തത്തിനിടയാക്കിയ അറ്റ്ലാന്റിക്ക ബോട്ടിനെ കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാന് ശകാരിച്ചതായി ആരോപണം.
താനൂര്‍: ഒട്ടുപുറം തൂവല്‍ത്തീരം ബീച്ചിലെ ദുരന്തത്തിനിടയാക്കിയ അറ്റ്ലാന്റിക്ക ബോട്ടിനെ കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാന് ശകാരിച്ചതായി ആരോപണം.
താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്ക്കല്‍ മുഹാജിദാണ് രംഗത്തെത്തിയത്. താനൂരില്‍ ഫ്ളോട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസും മന്ത്രി വി.അബ്ദുറഹിമാനും എത്തിയപ്പോഴാണ് ‘അറ്റ്ലാന്റിക്’ ബോട്ടിനെക്കുറിച്ച് പരാതിപ്പെട്ടത്.
‘നെഞ്ചില്‍ തട്ടി അന്നു മന്ത്രിമാരോട് പറഞ്ഞു.. ‘അറ്റ്ലാന്റിക്ക’ ബോട്ട് അനധികൃതമാണെന്ന്.. പക്ഷേ, മന്ത്രി വി.അബ്ദുറഹിമാന് തട്ടിക്കയറി.. മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി..’- മുഹാജിദ് പറഞ്ഞതായി ഒരു പ്രമുഖ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ബോട്ടിന് രജിസ്ട്രേഷനില്ലെന്നും ലൈസന്‍സില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും പറഞ്ഞപ്പോള്‍ മന്ത്രി അബ്ദുറഹിമാന് തട്ടിക്കയറിയെന്നാണ് മുഹാജിദ് പറയുന്നത്. ‘ബോട്ടിന് രജിസ്ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നതെന്ന്’ ചോദിച്ചാണത്രെ മന്ത്രി തട്ടിക്കയറിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോള്‍ പിഎയ്ക്ക് പരാതി നല്കാന് പറയുകയും പിഎ പരാതി എഴുതിയെടുക്കുകയും ചെയതു. പക്ഷേ, തുടര്‍ നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞ 23ന് ആണ് താനൂരില്‍ ഫ്ളോട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം നടന്നത്.
വിനോദയാത്രാ ബോട്ട് തലകീഴായി മറിഞ്ഞ് മരിച്ച 15 കുട്ടികളടക്കം 22 പേര്‍ക്ക് നാട് ഹൃദയ വേദനയോടെ വിട നല്കി. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചവരിലുണ്ട്. ഓരോ മരണവീട്ടിലും വന്‍ജനാവലിയാണ് തടിച്ചുകൂടിയത്.
പുത്തന്‍ കടപ്പുറം സെയ്തലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷംന (16), ഷഫ്ന (13), സഫ്ല ഷെറിന്( 10 മാസം), സഹോദരന് സിറാജിന്റെ ഭാര്യ റസീന ( 27), മക്കളായ ഷഹ്റ ( 8), റുഷ്ദ (7), നൈറ (8), ഇവരുടെ ബന്ധു ആവില്‍ ബീച്ചില്‍ കുന്നുമ്മല്‍ വീട്ടില്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ ( 42), മകന് ജരീര്‍ (12), ചെട്ടിപ്പടി വെട്ടികുത്തി സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബീവി (38), മക്കളായ ആദില ഷെറി (15), അദ്നാന് (10), ഹര്‍ഷാന്‍ (3), പെരിന്തല്‍മണ്ണ പട്ടിക്കാട് ശാന്തപുരത്തെ കോക്കാട് അബ്ദുല്‍ നവാസിന്റെ മകന് അന്‍ഷിദ് (12), നവാസിന്റെ സഹോദരന് വാസിമിന്റെ മകന് അഫ്ലഹ് (7) താനൂര്‍ ഓലപ്പീടികകാട്ടില്‍ പീടിയേക്കല്‍ സിദ്ദിഖ്(41), മക്കളായ ഫാത്തിമ മിന്‍ഹ(12), ഫൈസാന്‍(3), മുണ്ടുപറമ്ബ് മച്ചിങ്ങല്‍ നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ (7), താനൂര്‍ സ്റ്റേഷനിലെ പൊലീസുകാരന് പരപ്പനങ്ങാടി ചിറമംഗലം സബറുദ്ദീന് (38) എന്നിവരാണ് മരിച്ചത്.
അപകടമുണ്ടാക്കിയ ബോട്ടിലെ യാത്രക്കാരുടെ എണ്ണം വ്യക്തമല്ല. നാല്‍പ്പതോളം പേര്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നു. അഞ്ചുപേര്‍ കയറിയില്ല. കുട്ടികള്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടില്ല. 37 പേര് ബോട്ടിലുണ്ടായിരുന്നതായാണ് കണക്കാക്കുന്നതെന്ന് റവന്യൂ മന്ത്രി കെ.രാജന് പറഞ്ഞു. ഇന്നും നാളെയും തെരച്ചില്‍ തുടരാണ് തീരുമാനം.