വൃദ്ധയ്‌ക്ക് നേരെ മുഖംമൂടിയാക്രമണം നടത്തിയത് മരുമകള്‍ തന്നെ

May 12, 2023
28
Views

ആറാലുംമൂട് ചിത്തിര പഴിഞ്ഞി ക്ഷീരസംഘത്തില്‍ പാല്‍ നല്‍കി മടങ്ങിയ വൃദ്ധക്ക് നേരെ മുഖംമൂടി ആക്രമണം നടത്തിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്.

ബാലരാമപുരം: ആറാലുംമൂട് ചിത്തിര പഴിഞ്ഞി ക്ഷീരസംഘത്തില്‍ പാല്‍ നല്‍കി മടങ്ങിയ വൃദ്ധക്ക് നേരെ മുഖംമൂടി ആക്രമണം നടത്തിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്.

ആണ്‍ വേഷത്തില്‍ മുഖംമൂടി ധരിച്ചെത്തി വൃദ്ധയെ ആക്രമിച്ച മരുമകളെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. തലയല്‍ പുന്നക്കാട് കണ്ടത്തില്‍ വയല്‍നികത്തിയ വീട്ടില്‍ സുകന്യ (27)യാണ് അറസ്റ്റിലായത്.

തലയല്‍ പുന്നക്കാട് കണ്ടത്തില്‍ വയല്‍നികത്തിയ വീട്ടില്‍ വാസന്തി(63)യാണ് കാലിന് ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. വാസന്തിയുടെ മകന്‍ രതീഷ് കുമാറിന്റെ ഭാര്യയാണ് സുകന്യ. ഇരുവരും ഒരു കോമ്ബൗണ്ടിലാണ് താമസം.

സംഭവദിവസം ഭര്‍ത്താവിന്റെ ടീഷര്‍ട്ടും ജീന്‍സും ധരിച്ച്‌ കറുത്തഷാളിട്ട് മുഖംമൂടിയ സുകന്യ ക്ഷീരസംഘത്തിലേക്ക് പോയ വാസന്തിയുടെ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. കൃത്യം നിര്‍വഹിച്ച ശേഷം കമ്ബിപ്പാര സമീപമുള്ള കോമ്ബൗണ്ടില്‍ ആരും കാണാതെ ഒളിപ്പിച്ചു. പൊലീസിന്റെ ശ്രദ്ധ തിരിക്കാനും സംഭവത്തിന് പിന്നില്‍ താനല്ലെന്ന് വരുത്തിത്തീര്‍ക്കാനും വാസന്തിക്ക് മെഡിക്കല്‍ കോളേജില്‍ കൂട്ടിരുപ്പുകാരിയായി നിന്നതും സുകന്യയായിരുന്നു.

ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കഴിഞ്ഞ രണ്ടു ദിവസമായി പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞെങ്കിലും അന്വേഷണം സുകന്യയിലേക്ക് എത്തിയിരുന്നില്ല. ഇതിനിടെയാണ് വീട്ടില്‍ വഴക്ക് നടക്കാറുണ്ടെന്നും വാസന്തിയും സുകന്യയും തമ്മില്‍ വാക്കേറ്റമുണ്ടാകാറുണ്ടെന്നും മകനില്‍ നിന്നും മൊഴി ലഭിച്ചത്. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങളും പരിസരവാസികളില്‍ നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചെങ്കിലും അക്രമിയെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചില്ല. തുടര്‍ന്നാണ് അന്വേഷണത്തിന്റെ ഭാഗമായി മക്കളെയും മരുമക്കളെയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തത്.

ആസൂത്രിതമായ സംഭവത്തില്‍ പൊലീസിന്റെ വിദഗ്ദ്ധമായ ചോദ്യം ചെയ്യലിലാണ് സുകന്യ കുറ്റസമ്മതം നടത്തിയത്. പരിക്കേറ്റ് സംഭവസ്ഥലത്ത് വാസന്തി കിടന്നപ്പോള്‍ നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയെങ്കിലും സുകന്യ വൈകിയെത്തിയ സാഹചര്യവും പൊലീസിന് സംശയം ജനിപ്പിച്ചു. സുകന്യയുടെ ഭര്‍ത്താവ് രതീഷ് കുമാര്‍ തന്നെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുമെന്നും വാസന്തിയുടെ വാക്ക് കേട്ടാണ് തനിക്ക് അടിക്കടി മര്‍ദ്ദനം നേരിട്ടതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ ഇനി പാല്‍ക്കച്ചവടം നടത്തരുതെന്ന ഉദ്ദേശ്യത്തിലാണ് കാലിന് ഗുരുതര പരിക്കേല്‍പ്പിച്ചതെന്നും കുറ്റസമ്മതം നടത്തി. കൃത്യത്തിനുപയോഗിച്ച കമ്ബിപ്പാരയും പൊലീസ് കണ്ടെടുത്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *