വായ്‌പസംഘങ്ങള്‍ക്ക് ആദായനികുതിയില്ല ; കേന്ദ്രത്തിന്‌ തിരിച്ചടി

May 12, 2023
28
Views

സഹകരണ വായ്പസംഘങ്ങളെ ആദായനികുതി പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് സുപ്രീംകോടതി. അവയെ ബാങ്കുകളായി പരിഗണിക്കരുതെന്നും നിര്‍ദേശിച്ചു.

തിരുവനന്തപുരം > സഹകരണ വായ്പസംഘങ്ങളെ ആദായനികുതി പരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന് സുപ്രീംകോടതി. അവയെ ബാങ്കുകളായി പരിഗണിക്കരുതെന്നും നിര്‍ദേശിച്ചു.

സഹകരണ വായ്പാസംഘങ്ങള്‍ക്ക് ആദായനികുതി ബാധകമാക്കണമെന്ന ആദായനികുതി വകുപ്പ് മുംബൈ പ്രിന്‍സിപ്പല്‍ കമീഷണറുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. സഹകരണ സംഘങ്ങളെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രനിലപാടിന് വിധി കനത്ത തിരിച്ചടിയായി.

വിധി കേരളത്തിലെ എംപ്ലോയീസ് സഹകരണ സംഘങ്ങള്‍ക്കടക്കം എല്ലാ വായ്പാസംഘങ്ങള്‍ക്കും ഗുണകരമാണ്. വായ്പാ പ്രവര്‍ത്തനം നടത്തുന്ന സഹകരണസംഘത്തെ ബാങ്കായി പരിഗണിക്കണമെന്നും ആദായനികുതി നിയമത്തിലെ 80 പി (4) വകുപ്പ് അനുസരിച്ചുള്ള നികുതിയിളവിന് ഇത്തരം സംഘങ്ങള്‍ക്ക് അര്‍ഹതയില്ലെന്നുമായിരുന്നു വാദം. അംഗങ്ങള്‍ക്ക് വായ്പ കൊടുക്കുന്നതുകൊണ്ടുമാത്രം സംഘത്തെ ബാങ്കായി പരിഗണിച്ച്‌ ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

നേരത്തേ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് നികുതി ചുമത്തിയ ആദായനികുതിവകുപ്പ് തീരുമാനം സുപ്രീംകോടതി തിരുത്തിയിരുന്നു. കോഴിക്കോട് ആദായനികുതി കമീഷണറും മാവിലായി സര്‍വീസ് സഹകരണ ബാങ്കും എതിര്‍കക്ഷികളായ കേസിലായിരുന്നു അന്നത്തെ തീരുമാനം.

ആദായനികുതി 80(പി) വകുപ്പനുസരിച്ച്‌ സഹകരണ സംഘങ്ങള്‍ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. 80(പി)(4) എന്ന ഉപവകുപ്പ് അനുസരിച്ച്‌ 80 (പി) വകുപ്പിലെ ഇളവുകള്‍ സഹകരണ ബാങ്കുകള്‍ക്ക് അനുവദിക്കാനാകില്ലെന്നായി ആദായനികുതിവകുപ്പ്. ക്രെഡിറ്റ് സംഘങ്ങള്‍ നടത്തുന്നത് ബാങ്കിങ് ബിസിനസാണെന്നും അതിനാല്‍ ഇവ നികുതിയുടെ പരിധിയിലാകുമെന്നും വാദിച്ചു. എന്നാല്‍ ഇത് ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാണ് സഹകരണ ബാങ്കുകളെന്ന് ബി ആര്‍ ആക്ടിലെ 22(1)(ബി) വകുപ്പില്‍ വിശദമാക്കിയിട്ടുണ്ട്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലറിലും നികുതി ബാധകമാകുന്നത് ആര്‍ബിഐ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍ക്കാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ സംഘങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *