വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്ബനെ തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ച് പിടികൂടി.
കമ്ബം: വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്ബനെ തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ച് പിടികൂടി.
തിങ്കളാഴ്ച പുലര്‍ച്ചെ 12.30ഓടെ പൂശാനംപെട്ടി എന്ന സ്ഥലത്തെ സ്വകാര്യവ്യക്തിയുടെ തെങ്ങിൻതോപ്പില് നിന്നിരുന്ന ആനയെ ഇതിനുസമീപം വച്ചാണ് മയക്കുവെടി വച്ചത്. ആനയെ എവിടേക്കാണ് മാറ്റുക എന്നത് വ്യക്തമാക്കിയിട്ടില്ല. വാഴച്ചാല്‍ മേഖലയും മേഘമലയുമടക്കം നാല് സ്ഥലങ്ങളാണ് തമിഴ്നാടിന്റെ പരിഗണനയിലുള്ളത്.
ആനയുടെ ആരോഗ്യം പരിഗണിച്ചാകും എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കുക. നിലവില്‍ രണ്ട് ഡോസ് മയക്കുവെടിയാണ് അരിക്കൊമ്ബന് നേരെ പ്രയോഗിച്ചത്. ഇതോടെ മയങ്ങിയ ആനയെ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ എലിഫെന്റ് ആംബുലൻസിലേക്ക് കയറ്റി. ആനയുടെ ആരോഗ്യപരിശോധന ഇപ്പോള്‍ നടത്തുകയാണ്. പുലര്‍ച്ചെ 5.30ഓടെയാണ് ആനയെ എലിഫെന്റ് ആംബുലൻലസില്‍ കയറ്റിയത്.
ഏപ്രില്‍ 29നാണ് ചിന്നക്കനാലിന് സമീപം കേരള വനംവകുപ്പ് മയക്കുവെടി വച്ച് അരിക്കൊമ്ബനെ പിടികൂടിയത്. ഇതിന് ശേഷം പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ചു. എന്നാല്‍ ഇവിടെ നിന്നും ആന തമിഴ്നാട്ടിലെ കമ്ബം മേഖലയില്‍ സ്ഥിരമായി എത്തിയതോടെയാണ് തമിഴ്നാട് വനംവകുപ്പും മയക്കുവെടി വച്ച് ആനയെ പിടികൂടാൻ തീരുമാനിച്ചത്.
പെരിയാറില്‍ എത്തിച്ച് ഒരു മാസം തികയും മുൻപ് മേയ് 27ന് പുലര്‍ച്ചെ ആന തമിഴ്നാട്ടില്‍ കമ്ബം ടൗണില്‍ ഇറങ്ങി. അഞ്ച് വാഹനങ്ങള്‍ തകര്‍ക്കുകയും ടൗണിലൂടെ ഓടി പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ ആനയെ ജനവാസ മേഖലയില്‍ നിന്നും വനംവകുപ്പ് തുരത്തി. പിന്നീട് കുങ്കിയാനകളെയടക്കം എത്തിച്ച് ജനവാസ മേഖലയില്‍ എത്തിയാല്‍ വീണ്ടും ആനയെ പിടികൂടാൻ തീരുമാനിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്ബന് ഇന്ന് പിടിവീഴുകയായിരുന്നു. ഏത് പ്രദേശത്തേക്കാണ് മാറ്റുക എന്ന വിവരം പുറത്തറിഞ്ഞാല്‍ കേരളത്തിലേതിന് സമാനമായി ജനരോഷമുണ്ടാകുമെന്നതിനാലാണ് സ്ഥലം രഹസ്യമാക്കി വച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമാണെങ്കില്‍ കമ്ബത്തിനടുത്ത് മേഘമലയ്ക്ക് സമീപമാകും വിടുക.