രണ്ടു ദിവസമായി പെയ്യുന്ന അതിശക്തമായ മഴയില്‍ ക്യൂബയില്‍ വന്‍ പ്രളയം.
ഹവാന: രണ്ടു ദിവസമായി പെയ്യുന്ന അതിശക്തമായ മഴയില്‍ ക്യൂബയില്‍ വന്‍ പ്രളയം. മധ്യ കിഴക്കന്‍ ക്യൂബയിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കിഴക്കന്‍ പ്രവിശ്യകളായ ഗ്രാന്‍മ, ലാസ് ടുനാസ്, സാന്റിയാഗോ ഡി ക്യൂബ എന്നിവിടങ്ങളില്‍ നാല് പേര്‍ മരിച്ചു, മധ്യ കാമഗ്യൂയില്‍ രണ്ട് പേര്‍ മരിച്ചു.
മധ്യ കിഴക്കന്‍ മേഖലയില്‍ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചു. സൈനിക ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം സ്ഥലത്ത് തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ ക്യൂബയിലെ ചില പ്രദേശങ്ങളിലെ പാലങ്ങളും റോഡുകളും തകര്‍ന്നു. ബയാമോ നദി കരകവിഞ്ഞൊഴുകിയതും പ്രളയത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു.
എന്താണെന്നറിയില്ല, ഇതൊരു വിചിത്രമായ സംഭവമാണ്. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കം 30 വര്‍ഷത്തിനിടയില്‍ കണ്ടിട്ടില്ലാത്ത നിലയിലെത്തി, അതേസമയം ചില പ്രദേശങ്ങളിലെ നിവാസികള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അളവാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പ്രസിഡന്റ് മിഗ്വല്‍ ഡയസ്-കാനല്‍ പറഞ്ഞു. ക്യൂബയുടെ കിഴക്കന്‍ മേഖലയില്‍ മാസങ്ങള്‍ നീണ്ട വരള്‍ച്ചയ്ക്ക് ശേഷമാണ് വെള്ളപ്പൊക്കമുണ്ടായത്.
ക്യൂബ നേരിടുന്നത് വലിയ പ്രകൃതി ദുരന്തമാണ് എന്നാണു പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് അനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയാണ്. വീടുകളില്‍ നിന്നും സ്ത്രീകളെയും കുട്ടികളെയും ബന്ധുക്കളുടെ വീടുകളിലേയ്ക്കും അഭയാര്‍ത്ഥി ക്യാംപുകളിലേയ്ക്കും മാറ്റുകയാണെന്ന് ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.