ലോകകപ്പില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്താന് മികച്ച സ്കോര്‍.
ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യക്കെതിരെ അഫ്ഗാനിസ്താന് മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് അടിച്ചെടുത്തത്.
തകര്‍പ്പൻ അര്‍ധ സെഞ്ച്വറികളുമായി ഹഷ്മത്തുല്ല ഷാഹിദിയും അസ്മത്തുല്ല ഒമര്‍സായിയും ഒന്നിച്ചപ്പോള്‍ ഒരുഘട്ടത്തില്‍ അവര്‍ 300 കടക്കുമെന്ന് തോന്നിച്ചെങ്കിലും നാല് വിക്കറ്റ് നേടിയ പേസര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനം ഇന്ത്യക്ക് തുണയാവുകയായിരുന്നു. ഇരുവരും പുറത്തായ ശേഷം മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല.
ഹഷ്മത്തുല്ല 88 പന്തില്‍ 80 റണ്‍സെടുത്ത് കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ 69 പന്തില്‍ 62 റണ്‍സെടുത്ത ഒമര്‍സായിയെ ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ഡാക്കുകയായിരുന്നു. 128 പന്തില്‍ 121 റണ്‍സാണ് ഇരുവരും ചേര്‍ന്ന സഖ്യം അഫ്ഗാൻ സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. റഹ്മാനുല്ല ഗുര്‍ബാസ് (21), ഇബ്രാഹിം സദ്റാൻ (22), റഹ്മത്ത് ഷാ (16), മുഹമ്മദ് നബി (19), നജീബുല്ല സദ്റാൻ (2), റാഷിദ് ഖാൻ (12), മുജീബുര്‍ റഹ്മാൻ (പുറത്താകാതെ 10), നവീനുല്‍ ഹഖ് (പുറത്താകാതെ 9) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റര്‍മാരുടെ സംഭാവന.
ഇന്ത്യക്കായി ബുംറ പത്തോവറില്‍ 39 റണ്‍സ് മാത്രം വഴങ്ങിയാണ് നാലുപേരെ മടക്കിയത്. ഹാര്‍ദിക് പാണ്ഡ്യ രണ്ടും ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. പേസര്‍ മുഹമ്മദ് സിറാജാണ് ഇന്ത്യൻ നിരയില്‍ ഏറെ തല്ലുവാങ്ങിയത്. ഒമ്ബതോവറില് 76 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല.
ആസ്ട്രേലിയക്കെതിരെ ചെന്നൈയില്‍ ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍ രവിചന്ദ്രൻ അശ്വിന് പകരം പേസര്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ ഇടം നേടി. അതേസമയം, ബംഗ്ലാദേശിനോട് തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് അഫ്ഗാനിസ്ഥാന് ഇറങ്ങിയത്.