ഉത്തരാഖണ്ഡ്, ഉത്തരകാശിയിലെ തുരങ്കത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്നു രണ്ടാഴ്‌ച തികയുമ്ബോഴും ലക്ഷ്യം കാണാതെ രക്ഷാപ്രവര്‍ത്തനം.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ്, ഉത്തരകാശിയിലെ തുരങ്കത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്നു രണ്ടാഴ്‌ച തികയുമ്ബോഴും ലക്ഷ്യം കാണാതെ രക്ഷാപ്രവര്‍ത്തനം.
തുരങ്കം ഇടിഞ്ഞുണ്ടായ അവശിഷ്‌ടങ്ങള്‍ തുരന്നുമാറ്റി തൊഴിലാളികള്‍ക്കരികിലെത്താന്‍ കുഴലിറക്കുന്ന ജോലികള്‍ വെള്ളിയാഴ്‌ച വൈകിട്ടാണു തടസപ്പെട്ടത്.
യു.എസ്. നിര്‍മിത തുരക്കല്‍യന്ത്രം അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതിനേത്തുടര്‍ന്നാണു രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടത്. ഹൈദരാബാദില്‍നിന്ന് എത്തിച്ച പ്രത്യേകയന്ത്രമുപയോഗിച്ച് തുരക്കല്‍യന്ത്രം മുറിച്ചുമാറ്റാന്‍ ശ്രമം തുടരുന്നു. ഈ സാഹചര്യത്തില്‍ സാധാരണരീതിയിലുള്ള തുരക്കല്‍ ജോലികള്‍ ഇന്നു പുനരാരംഭിക്കുമെന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്‌തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ദിവസേനയുള്ള രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നുണ്ടെന്നും തൊഴിലാളികളെ ഉടന്‍ രക്ഷിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്ക് അരികിലെത്താന്‍ 10-12 മീറ്റര്‍ മാത്രമാണു മുന്നിലുള്ളതെന്നും അടുത്ത അഞ്ച് മീറ്റര്‍ പരിധിയില്‍ ലോഹവസ്‌തുക്കളുടെ തടസം റഡാറില്‍ തെളിഞ്ഞിട്ടില്ലെന്നുമായിരുന്നു നേരത്തേ അധികൃതര്‍ പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കിയത്. യന്ത്രമുപയോഗിച്ചുള്ള തുരക്കല്‍ പുരോഗമിക്കുന്നതിനിടെ ആറ് മീറ്റര്‍ വീതം നീളമുള്ള ഉരുക്കുകുഴലുകള്‍ കൂട്ടിയോജിപ്പിച്ച് ഉള്ളിലേക്കു കടത്തിയിരുന്നു. ഇവ ലക്ഷ്യത്തിലെത്തിയാല്‍ ചക്രം ഘടിപ്പിച്ച സ്‌ട്രെച്ചറുകള്‍ ഇറക്കി തൊഴിലാളികളെ പുറത്തെത്തിക്കാനാണു പദ്ധതി. രണ്ടുദിവസത്തിനിടെ തുരക്കല്‍ ദൗത്യത്തിനു നേരിട്ട തടസങ്ങള്‍ പുറത്ത് കാത്തുനില്‍ക്കുന്ന തൊഴിലാളികളുടെ ബന്ധുക്കളെ ആശങ്കയിലാഴ്‌ത്തി. ദൗത്യം തടസപ്പെടുന്നതിനു തൊട്ടുമുമ്ബുവരെ, 60 മീറ്റര്‍ ദൈര്‍ഘ്യമുള്ള അവശിഷ്‌ടങ്ങള്‍ക്കിടയിലൂടെ 46.8 മീറ്റര്‍ കുഴലാണ് ഉള്ളിലേക്കു കടത്താന്‍ കഴിഞ്ഞത്. ഭക്ഷണവും മറ്റും എത്തിച്ചുനല്‍കുന്ന ചെറുകുഴല്‍ 57 മീറ്റര്‍ വരെയാണ് കടത്തിവിട്ടത്.