മണ്ഡലപൂജ സമയത്തെ തിരക്ക് കണക്കിലെടുത്ത് ജലക്ഷാമം ഉണ്ടാകാതി ക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ശബരിമല: മണ്ഡലപൂജ സമയത്തെ തിരക്ക് കണക്കിലെടുത്ത് ജലക്ഷാമം ഉണ്ടാകാതി ക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ഒഴുകി വരുന്ന വെള്ളം പാണ്ടിത്താവളത്തെ വിവിധ ടാങ്കുകളില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. 2.60 കോടി ലിറ്റര്‍ വെള്ളമാണ് വിവിധ ടാങ്കുകളില്‍ സംഭരിച്ചിരിക്കുന്നത്. സന്നിധാനത്തു നിന്നു എട്ട് കിലോമീറ്റര്‍ ഉള്‍വനത്തിലെ കുന്നാര്‍ ഡാമില്‍ നിന്നു രണ്ട് പൈപ്പ് ലൈന്‍ വഴിയാണ് യന്ത്രത്തിന്റെ സഹായമില്ലാതെ പാണ്ടിത്താവളത്ത് വെള്ളം എത്തിക്കുന്നത്.
കുന്നാര്‍ ഡാമിലും താഴത്തെ ചെക്കുഡാമിലും ആവശ്യത്തിന് വെള്ളം ഇപ്പോഴുണ്ട്. പാണ്ടിത്താവളത്തെ ജലസംഭരണികളില്‍ എത്തുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്‌ത് പൈപ്പ് ലൈന്‍ വഴി വിവിധയിടങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ മുന്നൂറിലധികം ടാപ്പുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. പമ്ബയില്‍ നിന്നും വാട്ടര്‍ അതോറിറ്റി വെള്ളം പമ്ബ് ചെയ്‌ത് ശരംകുത്തിയിലെ ടാങ്കില്‍ എത്തിക്കുന്നുണ്ട്.
ദിനംപ്രതി 70 ലക്ഷം ലിറ്റര്‍ വെള്ളമാണ് 4 പമ്ബ് ഹൗസ് വഴി വളരെ ഉയരത്തിലുള്ള ശരംകുത്തിയില്‍ എത്തിക്കുന്നത്. പമ്ബയില്‍ മാത്രമായി ദിവസവും 80 ലക്ഷം ലിറ്റര്‍ വെള്ളം വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നുണ്ട്. പമ്ബയില്‍ നിന്നു ടാങ്കര്‍ ലോറികളില്‍ നിലയ്‌ക്കലില്‍ വെള്ളം എത്തിക്കുന്നുണ്ട്.
പമ്ബ കെ.എസ്.ആര്‍.ടി.സി. സ്‌റ്റാന്‍ഡ് മുതല്‍ സന്നിധാനം വരെ ആര്‍.ഓ പ്ലാന്റില്‍ നിന്നും102 കിയോസ്‌കുകള്‍ വഴി ഒരു മണിക്കൂറില്‍ 3500 ലിറ്റര്‍ കുടി വെള്ളം വിതരണം ചെയ്യുന്നു.
നിലയ്‌ക്കലില്‍ ആര്‍.ഒ പ്ലാന്റ് വഴി 2900 ലിറ്റര്‍ വെള്ളം ഒരു മണിക്കൂറില്‍ വിതരണം ചെയ്യുന്നുണ്ട്.
ചുക്കുവെള്ള വിതരണം വ്യാപിപ്പിച്ചു
തിരക്ക് വര്‍ധിച്ചതോടെ ശബരിമലയില്‍ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നവര്‍ക്ക് കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തി. നീലിമല മുതല്‍ പണ്ടിത്താവളം ഉരല്‍ക്കുഴി വരെ 52 പോയിന്റുകളില്‍ ഔഷധ കുടിവെളള വിതരണം നടത്തുന്നുണ്ട് ഇതിനായി ദേവസ്വം ബോര്‍ഡ് നാനുറിലധികം താല്‌ക്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ക്യൂ കോംപ്ലക്‌സുകളിലും കുടിവെള്ള വിതരണം ഉണ്ട്. കൂടാതെ കുടിവെള്ളത്തോടൊപ്പം ഭക്‌തര്‍ക്ക് ബിസ്‌കറ്റും വിതരണം ചെയ്യുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലും കുടിവെള്ള വിതരണം നടത്തുന്നുണ്ട്.
പമ്ബയില്‍ സ്‌നാനത്തിന് തടസം
വരാതിരിക്കാന്‍ ജലസേചനവകുപ്പ്
പമ്ബ നദിയില്‍ തീര്‍ഥാടകര്‍ക്ക് സ്‌നാനത്തിനു വെള്ളത്തിന് കുറവ് ഉണ്ടാകാതിരിക്കാന്‍ ജലസേചന വകുപ്പ്. ആറാട്ട് കടവിലെ തടയണയില്‍ വെള്ളം തടഞ്ഞ് നിര്‍ത്തി ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ മഴ ഉള്ളതിനാല്‍ പമ്ബയാറ്റില്‍ ആവശ്യത്തിന് ജലലഭ്യത ഉണ്ട്.
എന്നാല്‍ ജനുവരി ആകുമ്ബോഴേക്കും വെള്ളത്തിന് കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പമ്ബയില്‍ ത്രിവേണിക്ക് മുകളില്‍ ഉള്‍വനത്തില്‍ പണ്ടാരക്കയത്തിലാണ് വലിയ തടയണയുള്ളത്. പണ്ടാരക്കയത്തെയും വാട്ടര്‍ അതോറിറ്റിയുടേയും രണ്ട് തടയണകള്‍ തുറന്ന് വിട്ട് വെള്ളം ക്രമീകരിക്കും. ജലനിരപ്പ് കൂടുതല്‍ തന്നാല്‍ കെ.എസ്.ഇ.ബിക്ക് കത്ത് നല്‍കി കുള്ളാര്‍ ഡാമില്‍ നിന്നും ആ വശ്യത്തിന് വെള്ളം തുറന്ന് വിടാനും അതുവഴി പമ്ബയിലെ ജലക്ഷാമം പരിഹരിക്കാ നും നടപടി സ്വീകരിക്കും. ആറാട്ട് കടവിലെ വലിയ തടയണ അടയ്‌ക്കുന്നതോടെ ത്രിവേണി ചെറിയപാലം വരെ തീര്‍ഥാടകരുടെ സ്‌നാനത്തിനാവശ്യമായ വെള്ളം ലഭിക്കും. കക്കി നദിയില്‍ ശ്രീരാമപാദം, ചക്കുപാലം എന്നിവിടങ്ങളിലെ തടയണകളില്‍ സംഭരിക്കുന്ന വെള്ളം തുറന്ന് വിട്ട് നദിയില്‍ ജലം ക്രമീകരിക്കും.
ഭക്‌തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍:
ഉന്നതതല യോഗം ചേര്‍ന്നു
ദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതു സംബന്ധിച്ച് അഡീഷണല്‍ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് സൂരജ് ഷാജിയുടെ അധ്യക്ഷതയില്‍ സന്നിധാനത്ത് ഉന്നതതല ഏകോപന സമിതി യോഗം ചേര്‍ന്നു. ഭക്‌തര്‍ വിരി വയ്‌ക്കുന്ന സ്‌ഥലം കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കാന്‍ ദേവസ്വം ബോര്‍ഡിനും സന്നദ്ധ സംഘടനകള്‍ക്കും യോഗം നിര്‍ദേശം നല്‍കി. അവശ്യ സാധനങ്ങള്‍ക്ക് അധിക വില ഈടാക്കുന്നത് നിയന്ത്രിക്കാന്‍ പരിശോധന കര്‍ശനമാക്കും. ക്യുവില്‍ നില്‍ക്കുന്നവര്‍ക്ക് വെള്ളവും ലഘു ഭക്ഷണവും എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്‌തു. മണ്ഡലകാല പൂജയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും വിഷയമായി. ഡ്യൂട്ടി മജിസ്‌ട്രേറ്റ് എന്‍.കെ. കൃപ, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്‌ണകുമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ പങ്കെടുത്തു.