കോട്ടയം – മകളുടെ തിരോധാനത്തിൽ അന്വേഷണ ഏജൻസികളാകെ സംശയ ദൃഷ്ടിയിൽ നിർത്തിയ ആ പിതാവ് ഇപ്പോഴും പറയുന്നു. ‘എന്റെ മകൾക്ക് എന്ത് സംഭവിച്ചുവെന്ന് എനിക്കറിയണം.’ അഞ്ചു വർഷത്തിലധികമായി ആ പിതാവ് സ്വന്തം മകളെ തേടുകയാണ്. അന്വേഷണത്തിൽ കേമൻമാരെന്ന് പേര് കേട്ട ഉദ്യോഗസ്ഥർ പലരും അന്വേഷിച്ചു. എന്നാൽ കൃത്യമായ ഒരുത്തരം ആ പിതാവിന് കൊടുക്കാൻ അന്വേഷണ ഏജൻസികൾക്കാർക്കും തന്നെ കഴിഞ്ഞില്ല. ഏറ്റവും ഒടുവിൽ സി ബി ഐയും ഉത്തരം മുട്ടി കൈമലർത്തിയിരിക്കുകയാണ്.
ജസ്നയ്ക്ക് എന്ത് സഭവിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായില്ലെന്നും അതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും കാണിച്ച് രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയായ സി ബി ഐ യുടെ കൊച്ചി യൂണിറ്റ് ഇന്നലെ തിരുവനന്തപുരം സി ബി ഐ കോടതിയിൽ റിപ്പോർട്ട് സമർച്ചിരിക്കുകയാണ്. ആലപ്പുഴയിലെ രാഹുൽ കഴിഞ്ഞാൽ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കേസാണ് എരുമേലിക്കാരി ജസ്നയുടെ തിരോധാനം. തിരോധാനത്തിൽ മാത്രമല്ല, കേസന്വേഷണത്തിലും ഒരുപാട് ദുരൂഹതകൾ അവശേഷിക്കുകയാണ്.