മെഡിക്കല്‍ കോളേജിന് മുന്നിലെ കടകളില്‍ വൻ തീപിടിത്തം

April 2, 2024
43
Views

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിലെ കടകളിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം.

കോട്ടയം ഫയർസ്റ്റേഷനിലെ അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് സംഘം നാലു മണിക്കൂറുകൊണ്ടാണ് രക്ഷാ പ്രവർത്തം നടത്തിയത്. ഇന്നലെ രാവിലെ 9.45നായിരുന്നു സംഭവം.

ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങള്‍ എല്ലാം വില്‍ക്കുന്ന കടയില്‍ നിന്നാണ് പുക ഉയർന്നത്. തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ഈ കടയില്‍നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടൻതന്നെ അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തുന്നതിന് മുമ്ബുതന്നെ ഹോട്ടല്‍ ജീവനക്കാർ അവരുടെ പമ്ബില്‍ നിന്നും വെള്ളമടിച്ച്‌ തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് മറ്റ് കടകളിലേയ്ക്ക് പടരുകയായിരുന്നു. തീ പിടിച്ച്‌ 2 മണിക്കൂർ പിന്നിട്ടിട്ടും അഗ്‌നി രക്ഷാ സേനയ്ക്ക് കടയ്ക്ക് ഉള്ളിലേക്കു കയറാൻ പോലും കഴിഞ്ഞിരുന്നില്ല. മെത്തയും പായയും ഉള്‍പ്പെടെ പെട്ടെന്ന് തീ പിടിക്കുന്ന സാധനങ്ങള്‍ കടയിലുണ്ടായിരുന്നത് വേഗം തീപടരാൻ കാരണമായി. തുടർന്ന് ഷട്ടർ തകർത്ത് ഉള്ളില്‍ക്കയറിയപ്പോഴേയ്ക്കും തീ വ്യാപകമായി പടർന്നിരുന്നു. ഷോർട്ട് സർക്യൂട്ടാകാമെന്നാണ് കരുതുന്നത്. മന്ത്രി വി.എൻ.വാസവനും സംഭവമറിഞ്ഞെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *