കുളത്തൂപ്പുഴ ക്ഷേത്രത്തിനടുത്ത നിരോധിത മേഖലയില്‍ നിന്ന് മത്സ്യങ്ങളെ പിടികൂടി കറിവച്ച മൂന്നുപേര്‍ പിടിയില്‍

April 11, 2024
53
Views

കൊല്ലം: കുളത്തുപ്പുഴ ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ ‘തിരുമക്കള്‍’ എന്നറിയപ്പെടുന്ന മത്സ്യങ്ങളെ പിടികൂടി കൊന്നു കറിവച്ച സംഭവത്തില്‍ മൂന്നു ഇതരസംസ്ഥാനക്കാര്‍ പിടിയില്‍.

കൊല്‍ക്കത്ത സ്വദേശികളായ സാഫില്‍ (19), ബസറി (23), പതിനേഴുകാരന്‍ എന്നിവരെയാണ് കുളത്തുപ്പുഴ പൊലീസ് പിടികൂടിയത്. മേടവിഷു മഹോത്സവത്തിന്റെ ഭാഗമായി സ്വകാര്യവ്യക്തിയുടെ വസ്തു വാടകയ്ക്ക് എടുത്തു കച്ചവടം നടത്തുന്നവരാണ് പിടിയിലായത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവര്‍ നിരോധിത മേഖലയില്‍ നിന്നും മീനുകളെ പിടിക്കാറുണ്ടായിരുന്നു. ഇവരുടെ ആറിനു സമീപത്തെ സാന്നിധ്യം മനസിലാക്കിയ നാട്ടുകാരില്‍ ചിലര്‍ മീന്‍ പിടിക്കാന്‍ പാടില്ലന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് പ്രതികള്‍ തിരുമക്കളെ പിടികൂടുകയും കൊന്നു കറിയാക്കുകയും ചെയ്തത്. മീനുകളെ പിടികൂടുകയും അവയെ കൊന്നു കറിയാക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കസ്റ്റഡിയില്‍ എടുത്ത മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി അനീഷ്‌ പറഞ്ഞു.

ക്ഷേത്രത്തില്‍ നിന്നും മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ മീന്‍ പിടിക്കുന്നത് ജില്ലാ കളക്ടര്‍ ഉത്തരവിലൂടെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ നിന്നും ഏതാനും മീറ്ററുകള്‍ മാത്രം അകലെനിന്നുമാണ് ധർമശാസ്താവിനോളം പ്രാധാന്യമുള്ള തിരുമക്കളെ പ്രതികള്‍ പിടികൂടിയത്. തിരുമക്കളെ കാണുന്നതിനും മീനൂട്ട് വഴിപാടു നടത്തുന്നതിനുമായി നൂറുകണക്കിന് വിശ്വാസികളാണ് വിവിധയിടങ്ങളില്‍ നിന്നുമായി ഇവിടെ എത്താറുള്ളത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *