കോവിഡ് വാക്‌സിനുകള്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും; കോടതിയില്‍ തുറന്നുപറഞ്ഞ് നിര്‍മാതാക്കള്‍

April 30, 2024
40
Views

കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച്‌ പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക.

കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്‌സിനുകള്‍ വികസിപ്പിച്ചത്. ഇതു രണ്ടും ആഗോള തലത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്ബനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്.

വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി.

കമ്ബനിയുടെ വെളിപ്പെടുത്തില്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്ബനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *