സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്കി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് ആര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം തുടങ്ങിയത്.
ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലാണ് സൈബര്‍ ആക്രമണം തുടരുന്നത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകളാണ് നിറയുന്നതെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നല്‍കിയത്.
ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് സൈഡ് കൊടുക്കാത്തതിന് വാഹനം കുറുകെയിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിനു നേര്‍ക്കു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആര്യയ്ക്ക് എതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്.