മുഹമ്മദിന് വീണ്ടും കാരുണ്യത്തിന്റെ കൈത്താങ്ങ്. എസ്എംഎ ബാധിച്ച മുഹമ്മദിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന മരുന്നിന്റെ നികുതിയും ജിഎസ്ടിയും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. മുഹമ്മദിന്റെ ചികിത്സയ്ക്കാവശ്യമായ മരുന്നിന്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കി നല്‍കിയതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനാണ് അറിയിച്ചത്. ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയെ ഇക്കാര്യം ധനമന്ത്രി അറിയിക്കുകയായിരുന്നു. ആറ് കോടിയോളം രൂപയാണ് ഇതോടെ നികുതി ഇനത്തില്‍ ഇളവ് ലഭിക്കുക.
ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപ മരുന്നിന് ചെലവ് വരുമായിരുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ മരുന്നിന് നികുതി ഇളവ് നല്‍കണമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി ധനമന്ത്രിയെ അറിയിക്കുകയായിരുന്നു. മുഹമ്മദിന്റെ ചികിത്സയ്ക്ക് ശേഷം ബാക്കിയുള്ള തുക സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച മറ്റ് കുട്ടികള്‍ക്ക് നല്‍കുമെന്നും കുടുംബം അറിയിച്ചു.