മുംബൈ: വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസിന്റെ ഹെഡ് ക്വാട്ടേഴ്സായി പ്രവർത്തിച്ചിരുന്ന മുംബൈയിലെ കിങ്ഫിഷർ ഹൗസ് വിറ്റു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറ്റൺ റിയാൽട്ടേഴ്സാണ് 52.25 കോടിരൂപയ്ക്ക് കെട്ടിടം വാങ്ങിയത്. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ(ഡി.ആർ.ടി.)ആണ് വിൽപന നടത്തിയത്.
മുംബൈ സാന്താക്രൂസിലെ ഛത്രപതി ശിവജി ഇന്റർനാഷണൽ വിമാനത്താവളത്തിന് സമീപമാണ് കിങ്ഫിഷർ ഹൗസ് സ്ഥിതി ചെയ്യുന്നത്. 150 കോടി മൂല്യം നിശ്ചയിച്ച്, 2016 മാർച്ച് മുതലാണ് കെട്ടിടം വിൽക്കാനുള്ള നീക്കം ആരംഭിച്ചത്. എന്നാൽ ഇതുവരെയും വിൽപന നടന്നിരുന്നില്ല. അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 135 കോടിയുടെ മൂന്നിലൊന്നു വിലയ്ക്കാണ് ഇപ്പോൾ വിൽപന നടന്നിരിക്കുന്നത്.
കിങ്ഫിഷർ ഹൗസ് വിൽപനയിൽനിന്ന് കിട്ടുന്ന പണം മല്യക്ക് പണം വായ്പ നൽകിയ ബാങ്കുകൾക്കാണ് ലഭിക്കുക. മല്യയുടെ ഓഹരികൾ വിറ്റ് ഇതിനകം 7250 കോടി രൂപ ബാങ്കുകൾ തിരിച്ചുപിടിച്ചിരുന്നു. എസ്.ബി.ഐ. നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന് ഏകദേശം പതിനായിരം കോടി രൂപയാണ് കിങ്ഫിഷർ എയർലൈൻസ് നൽകാനുള്ളത്.
2019-ൽ മല്യയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഇംഗ്ലണ്ടിലുള്ള മല്യയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്