കൊച്ചി: ആലുവ എടത്തലയിൽ ഡോക്ടറെ മർദിച്ച കേസിലെ പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി. എടത്തല സ്വദേശി മുഹമ്മദ് കബീറാണ് കീഴടങ്ങിയത്.
ഓഗസ്റ്റ് മൂന്നാം തീയതിയാണ് പൂക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടറായ ജീസൻ ജോണിയെ മുഹമ്മദ് കബീർ മർദിച്ചത്. കൊറോണ ബാധിച്ച ഭാര്യയുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. തുടർന്ന് നഴ്സിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തുന്നതിനിടെ ഡ്യൂട്ടി ഡോക്ടറെ ഇയാൾ മർദിക്കുകയായിരുന്നു. അനുവാദമില്ലാതെ ഭാര്യയുടെ ശരീരത്തിൽ സ്പർശിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. ഇതോടെ ഐ.എം.എ. പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞദിവസം റൂറൽ എസ്.പി.യുടെ ഓഫീസിന് മുന്നിൽ ഐ.എം.എ.യുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ ധർണയും സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി പോലീസിന് മുന്നിൽ കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്ത നടപടിയെ സ്വാഗതം ചെയ്യുന്നതായി ഐ.എം.എ. ഭാരവാഹികൾ പറഞ്ഞു. അതേസമയം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു. ആലുവയിൽ ഡോക്ടറെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയുണ്ട്.