ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. വെര്‍ച്വലായി ചേരുന്ന യോഗത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത്പവാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും. എന്നാല്‍ ആം ആദ്മി പാര്‍ടിയെയും ബിഎസ്പിയെയും യോഗത്തിലേക്ക് വിളിച്ചിട്ടില്ല.
യോഗത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ‘വീഴ്ചകള്‍’ ചൂണ്ടിക്കാട്ടുകയും ശേഷം സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്യും. ഇന്ധന വില വര്‍ധന, കര്‍ഷക പ്രശ്നം, പെഗാസസ് നിരീക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യും. പാര്‍ലമെന്റ് സമ്മേളനത്തിലെ പ്രതിപക്ഷ ഐക്യം പുറത്തും കൂടുതല്‍ ശക്തമാക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം.