കണ്ണൂർ: പൊലീസിനെതിരെ പ്രതികരിച്ചാൽ ഇല്ലാത്ത കേസിൽ കുടുക്കുമെന്നും വീട്ടിൽ ഇരുത്തില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇ ബുൾജെറ്റ് സഹോദരൻമാരായ ലിബിനും എബിനും. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും തങ്ങളുടെ ലൈസൻസ് റദ്ദാക്കാനുള്ള നോട്ടീസ് നിലനിൽക്കുന്നതല്ലെന്നുമാണ് ഇരുവരുടേയും വാദം. മറ്റൊരു സംസ്ഥാനത്ത് നടന്ന കാര്യത്തിന് ഇവിടെ എങ്ങനെയാണ് നടപടി എടുക്കുകയെന്നാണ് അഡ്വക്കേറ്റിന് ഒപ്പമുള്ള പുതിയ വ്ലോഗിലൂടെ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ പ്രതികരണം.
ഇ ബുൾജെറ്റ് വ്ളോഗർമാർ ഉത്തരേന്ത്യയിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിലും നടപടിക്ക് നീക്കം തുടങ്ങിയിരുന്നു. ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി പരിഭ്രാന്തി പരത്തി ബിഹാറിലൂടെ അതിവേഗത്തിൽ യാത്ര ചെയ്യുന്ന വീഡിയോ ഇവർ തന്നെയാണ് നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്. ദൃശ്യങ്ങൾ ബിഹാർ പൊലീസിന് കൈമാറിയിട്ടുണ്ട്.
വാൻ ലൈഫ് യാത്രയുടെ ഭാഗമായാണ് ബിഹാറിലൂടെ ആംബുലൻസ് എന്ന വ്യാജേന സൈറണും എയർഹോണും മുഴക്കി അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. എബിനും ലിബിനും തന്നെയാണ് ഈ സംഭവത്തിന്‍റെ വീഡിയോ യൂട്യൂബിലൂടെ പങ്കുവച്ചത്.