കോട്ടയം: കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നെന്ന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇക്കാര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നു.
ലവ് ജിഹാദിനൊപ്പമാണ് നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞു.
കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ട്. ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യമുണ്ടെന്നും പാലാ ബിഷപ്പ് പറഞ്ഞു. മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടക്കുന്ന അവസ്ഥ നിലവിലുണ്ട് ഹലാൽ വിവാദമൊക്കെ ഇതിൻ്റെ ഭാഗമാണ്. ഈ സാഹചര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നു.