ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ഓൺലൈനും തുടരും, ബസുകള്‍ അണുവിമുക്തമാക്കും’; ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി

September 19, 2021
292
Views

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് വിപുലമായ പദ്ധതി തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ ക്ലാസുകൾ ക്രമീകരിക്കുക. സമാന്തരമായി ഓൺലൈൻ ക്ലാസുകളും നടക്കും.

ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചർച്ചകൾ നടത്തും. കുട്ടികൾ സ്കൂളുകളിലെത്തുമ്പോൾ മാസ്ക്, സാനിട്ടൈസർ, സാമൂഹിക അകലം ഉറപ്പിക്കൽ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികൾ യാത്ര ചെയ്യുന്ന ബസ് ഉൾപ്പടെ അണുവിമുക്തമാക്കും. ബസില്ലാത്ത സ്കൂളുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

കുട്ടികളിൽ രോഗവ്യാപനമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് മുഖ്യമന്ത്രിക്ക് സമർപ്പിക്കുക. നവംബർ ഒന്നിനാണ് സ്കൂളുകൾ തുറക്കുന്നതെങ്കിലും ഒക്ടോബർ 15ന് മുൻപായി വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഇതിന് മുന്നോടിയായി ആരോഗ്യ വിദഗ്ധർ, ജില്ലാ കളക്ടർമാർ എന്നിവരുമായി ചർച്ച നടത്തും.

ഏഴായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകൾ വരെയുള്ളത് കണക്കിലെടുത്താണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കുന്നത്. അധ്യാപക സംഘടനകളുമായി ഈ വിഷയം ചർച്ച ചെയ്യും. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചന നടത്തിയശേഷമാണ് മുഖ്യമന്ത്രി സ്കൂൾ തുറക്കുന്ന കാര്യം പ്രഖ്യാപിച്ചതെന്നും മറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

പ്രൈമറി ക്ലാസ് വിദ്യാർഥികൾക്കുള്ള ക്ലാസുകൾ ആരംഭിക്കുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ആശങ്കകൾ പരിഹരിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *